Sports
അരീന: ബുണ്ടസ്ലിഗ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ വഴങ്ങി ബയേണ്‍ മ്യൂണിക്ക്. ഓഗ്സ്ബർഗിനെതിരായ മത്സരത്തിൽ വെറും എട്ട് സെക്കൻഡിനുള്ളിലാണ് ബയേണ്‍ മ്യൂണിക്ക് ഗോൾ വഴങ്ങിയത്.
കിക്ക്- ഓഫിന് തൊട്ടുപിന്നാലെ റോബിൻ ഫെൽഹോവർ ബയേണ്‍ ഗോൾ പോസ്റ്റിൽ പന്തെത്തിച്ചാണ് റിക്കാർഡിട്ടത്.മത്സരത്തിൽ ഇരു ടീമും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
Sports
ഷാർജ: അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും വെടിക്കെട്ട് ബാറ്റിംഗ് തുടർന്ന് ദക്ഷിണാഫ്രിക്കയുടെ മുൻതാരം എ.ബി. ഡി. വില്ലിയേഴ്സ്. ലെജെൻഡ്സ് വേൾഡ് ചാന്പ്യൻഷിപ്പിൽ 40 പന്തിൽ പുറത്താകാതെ 111 റണ്‍സാണ് 42കാരനായ താരം അടിച്ചെടുത്തത്. ഓസ്ട്രേലിയ ചാന്പ്യൻസിനെതിരായ മത്സരത്തിൽ ടീമിന് വിജയവും സമ്മാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ചാന്പ്യൻസ് ഡി ആർസി ഷോട്ട്, ഡേവിഡ് വാർണർ, ജോ ബേണ്‍സ് എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ ബലത്തിൽ 20 ഓവറിൽ 209 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിൽ മൂന്നാമനായി ക്രീസിലെത്തിയ ഡി വില്ലിയേഴ്സ് ആറ് ഫോറുകളും 11 സിക്സറുകളും പറത്തി.
ദക്ഷിണാഫ്രിക്ക ചാന്പ്യൻസ് വെറും 15.2 ഓവറിൽ ലക്ഷ്യം മറികടന്നു. വെറും 37 പന്തിൽ നിന്നാണ് അദ്ദേഹം തന്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 29 പന്തിൽ 62 റണ്‍സ് എടുത്ത ഓപ്പണർ റിച്ചാർഡ് ലെവി മികച്ച പിന്തുണ നല്കി.
Kerala
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ഇന്നിംഗ്സോടെ ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ പ്രധാന റെക്കോർഡുകൾ മറികടന്ന് വിരാട് കോഹ്ലി. 88 പന്തിൽ 10 ഫോറും ഒൻപത് സിക്സറുമടക്കം പുറത്താകാതെ 139 റൺസ് അടിച്ചുകൂട്ടിയ കോഹ്ലി, കരിയറിലെ 55-ാം ഏകദിന സെഞ്ചുറിയാണ് തിരുവനന്തപുരത്ത് നേടിയത്.
ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ മാത്രം താരമായി കോഹ്ലി മാറി. സച്ചിൻ ടെൻഡുൽക്കർ 377 ഇന്നിംഗ്സുകളിൽ നിന്ന് നേടിയ ഈ നാഴികക്കല്ല് വെറും 303 ഇന്നിംഗ്സുകളിൽ നിന്നാണ് കോഹ്ലി മറികടന്നത്. ഇന്ത്യയിൽ നടന്ന ഏകദിനങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോർഡും (6,976 റൺസ്) ഈ ഇന്നിംഗ്സോടെ കോഹ്ലി സ്വന്തം പേരിൽ കുറിച്ചു.
ഈ ഇന്നിംഗ്സോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ 59 സെഞ്ചുറികൾ എന്ന റെക്കോർഡിനൊപ്പമെത്താൻ കോഹ്ലിക്ക് സാധിച്ചു. എല്ലാ ഫോർമാറ്റുകളിലുമായി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ചുറികൾ നേടിയ താരമെന്ന സച്ചിന്റെ നേട്ടത്തിന് ഒപ്പമെത്താനും (ഇരുവരും ഒപ്പത്തിനൊപ്പം) കോഹ്ലിക്ക് സാധിച്ചു. ഒരു സെഞ്ചുറി കൂടി നേടിയാൽ ഈ റെക്കോർഡിൽ കോഹ്ലി മുന്നിലെത്തും.
തന്റെ ഏകദിന കരിയറിലെ ഏറ്റവും ഉയർന്ന സിക്സറുകളുടെ എണ്ണവും (9 സിക്സറുകൾ) ഈ ഇന്നിംഗ്സിലൂടെ കോഹ്ലി സ്വന്തമാക്കി. 74 പന്തിൽ സെഞ്ചുറി തികച്ച താരം അർധസെഞ്ചുറിയും സെഞ്ചുറിയും സിക്സറിലൂടെയാണ് പൂർത്തിയാക്കിയത്.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ലോംഗ്ജംപ് കണ്ടിരുന്നവര്‍ ഒന്നടങ്കം തലയില്‍കൈവച്ചു; ഓ, ആന്‍സീ... എന്നു പരിതപിച്ചു... കാരണം ഒന്നുമാത്രം. അഞ്ചാം റൗണ്ടുവരെ ഒന്നാം സ്ഥാനത്തായിരുന്നു ആന്‍സി. അതുവരെ രണ്ടാമതായിരുന്ന ചൈനീസ് താരം ആറാം റൗണ്ടില്‍ ആന്‍സിയെ മറികടക്കുന്ന ചാട്ടവുമായി സ്വര്‍ണം തട്ടിയെടുത്തു. ഹൃദയംകൊണ്ട് ഉറപ്പിച്ച ഒരു സ്വര്‍ണം, കണ്മുന്നില് വെള്ളിയായി മാറിയ ദുഃഖനിമിഷം... കണ്ടിരുന്ന ഇന്ത്യന്‍ കായികപ്രേമികളുടെ ഹൃദയം കൊളുത്തിവലിച്ചെങ്കില്, നിമിഷാർധത്തിൽ സ്വർണം നഷ്ടപ്പെട്ട ആന്‍സിയുടെ അവസ്ഥയോ..!
എങ്കിലും ആന്‍സീ, ഇന്ത്യന്‍ അക്കൗണ്ടിലേക്കു തുടര്‍ച്ചയായ രണ്ടാം ഏഷ്യന്‍ ഗെയിംസിലും വെള്ളി മെഡല്‍ സമ്മാനിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കാം. കേരളക്കരയുടെ അഭിമാനമാണു നീ, സിങ്കപ്പെണ്ണേ... 6.53 മീറ്ററുമായി ആന്‍സി സോജന് വെള്ളി സ്വന്തമാക്കിയപ്പോള്‍ അവസാന ശ്രമത്തിലെ കുതിപ്പിലൂടെ 6.55 മീറ്റര്‍ ദൂരം ക്ലിയര്‍ ചെയ്ത ചൈനയുടെ യിങ്യിങ് ഹ്വാങ് സ്വര്‍ണം സ്വന്തമാക്കി. ചൈനയുടെ മെന്ഗി താനാണ് (6.46) വെങ്കലം.
ആദ്യ അഞ്ചിൽ ഒന്നാമത്
ആദ്യശ്രമത്തില്‍ത്തന്നെ 6.49 മീറ്റര്‍ ക്ലിയര്‍ ചെയ്ത ആന്‍സി മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു. മറ്റൊരു ഇന്ത്യന്‍ താരമായ ഷൈലി സിംഗ് 6.25 ക്ലിയര്‍ ചെയ്തും മൂന്നാമതും. 6.30 ക്ലിയര്‍ ചെയ്ത ജപ്പാന്റെ സുമിരെ ഹതയായിരുന്നു ആദ്യറൗണ്ട് കഴിഞ്ഞപ്പോള്‍ ഒന്നാമത്. ആന്‍സിയുടെ രണ്ടാം ജംപ് ഫൗള്‍. എന്നാല്‍, യിങ്യിങ് ഹ്വാങ് 6.44 മീറ്ററുമായി രണ്ടാം സ്ഥാനത്ത്.
6.46, 6.31 എന്നതായിരുന്നു ആന്‍സിയുടെ മൂന്നും നാലും ശ്രമങ്ങളിലെ ദൂരം. യിങ്യിങിന്റെ മൂന്നാം ശ്രമം ഫൗള്‍. നാലാം ശ്രമം 6.40 മീറ്റര്‍. അഞ്ചാം ശ്രമത്തില്‍ യിങ്യിങ് 6.49 കുറിച്ച് ആന്‍സിയുടെ ഒപ്പം. എന്നാല്‍, ആന്‍സി ആദ്യശ്രമത്തില്‍ കുറിച്ച 6.49 അഞ്ചാം റൗണ്ടില്‍ 6.53 ആക്കി ലീഡിംഗില് തുടര്‍ന്നു.
ആറില്‍ ചൈനീസ് അട്ടിമറി
ആറാം ശ്രമത്തില്‍ ആന്‍സിക്ക് 6.49 മീറ്റര്‍ ക്ലിയര്‍ ചെയ്യാനേ സാധിച്ചുള്ളൂ. എന്നാല്‍, യിങ്യിങ് 6.55 മീറ്ററിലേക്കു കുതിച്ചു. അതോടെ സ്വര്‍ണം ചൈനീസ് താരത്തിന്. അവസാന ശ്രമത്തില്‍ 6.46 മീറ്ററിലേക്കു ചാടിയെത്തിയ മെന്ഗി വെങ്കലവും സ്വന്തമാക്കി. ആദ്യഅഞ്ചു റൗണ്ടിലെ ലീഡ് അട്ടിമറിച്ച ചൈനീസ് സുവര്ണവേട്ട. 6.42 മീറ്ററുമായി ഷൈലി സിംഗ് നാലാം സ്ഥാനംകൊണ്ടു തൃപ്തിപ്പെട്ടു.
അഞ്ജുവിനുശേഷം ആന്‍സി
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ വനിതാ ലോംഗ്ജംപില് ഇന്ത്യക്കായി ഒന്നിലധികം മെഡല്‍ നേടുന്ന താരമെന്ന നേട്ടം തൃശൂര്‍ നാട്ടിക സ്വദേശിയായ ആന്‍സി സോജനും സ്വന്തം. അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് മുമ്പ് ഈ നേട്ടം കൈവരിച്ചത്. അഞ്ജു 2002 ബുസാന്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2006 ദോഹയില്‍ വെള്ളിയും നേടിയിരുന്നു. ആന്‍സി 2022 ഹ്വാങ്ഷൂ ഗെയിംസിലും ഇത്തവണ ജപ്പാനിലും വെള്ളി സ്വന്തമാക്കി.
ഏഷ്യന്‍ ഗെയിംസ് വനിതാ ലോംഗ്ജംപില് അഞ്ജുവിനുശേഷം, സ്വര്‍ണം നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടമാണ് അവസാന റൗണ്ടില്‍ ആന്‍സി സോജനു നഷ്ടപ്പെട്ടത്. ഏഷ്യന്‍ ഗെയിംസ് വനിതാ ലോംഗ്ജംപില് മെഡല്‍ നേടുന്ന അഞ്ചാമതു മലയാളിയാണ് ആന്‍സി. എയ്ഞ്ചല്‍ മേരി ജോസഫ് (1978ല്‍ വെള്ളി), മേഴ്സി കുട്ടന് (1982ല്‍ വെള്ളി), അഞ്ജു ബോബി ജോര്‍ജ്, വി. നീന (2018ല്‍ വെള്ളി) എന്നിവരും ആന്‍സിക്കൊപ്പം ഈ നേട്ടം പങ്കിടുന്നു.
അഞ്ജു ബോബി ജോര്‍ജിന്റെ പേരിലുണ്ടായിരുന്ന, കഴിഞ്ഞ 22 വര്‍ഷമായി തകരാതിരുന്ന റിക്കാര്‍ഡ് 2026 ദേശീയ ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആന്‍സി തകര്‍ത്തു. അഞ്ജുവിന്റെ പേരിലുണ്ടായിരുന്ന 6.83 മീറ്റര്‍ എന്ന റിക്കാര്‍ഡ് 6.88 മീറ്ററായാണ് ആന്‍സി തിരുത്തിയത്.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സില് ഇന്ത്യക്കിന്നു മെഡല്‍ പ്രതീക്ഷാദിനം. പുരുഷ ലോംഗ്ജംപില് മലയാളി താരം ശ്രീശങ്കര്‍, വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലയാളി ആര്. അനു, പുരുഷ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാശ് സാബ്ലെ, പുരുഷ ജാവലിന്‍ത്രോയില്‍ രോഹിത് യാദവ്, യഷ് വീര്‍ സിംഗ്, വനിതാ ഡിസ്കസ്ത്രോയില്‍ സീമ തുടങ്ങിയവരെല്ലാം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്.
യോഗ്യതാ റൗണ്ടില്‍ 7.84 മീറ്റര്‍ ശ്രീശങ്കര്‍ കുറിച്ചു. ഉസ്ബക്കിസ്ഥാന്റെ അന്‍വര്‍ അന്വറോവാണ് (8.00) യോഗ്യതാ റൗണ്ടില്‍ മികച്ച ദൂരം കണ്ടെത്തിയത്. ഇന്ത്യന്‍ സമയം വൈകുന്നേരം 4.25 മുതലാണ് ഫൈനല്‍.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകള്‍ അവസാനിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ പി.വി. സിന്ധു, ഉന്നതി ഹൂഡ എന്നിവര്‍ പുറത്ത്. വനിതാ ഡബിള്‍സില്‍ ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാക്കളായ ട്രീസ് ജോളി - ഗായത്രി ഗോപീചന്ദ് സഖ്യവും മിക്സഡ് ഡബിള്‍സില്‍ ധ്രുവ് കപില - ടാനിഷ ക്രാസ്റ്റോ കൂട്ടുകെട്ടും ക്വാര്‍ട്ടറില്‍ പുറത്തായി.
വനിതാ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ചൈനയുടെ ചെന്‍ യു ഫീയോട് ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. സ്കോര്‍: 21-11, 18-21, 10-21. തൊട്ടുപിന്നാലെ അരങ്ങേറിയ ക്വാര്‍ട്ടറില്‍ ജാപ്പനീസ് താരം അകാനെ യാമഗുച്ചിയോട് മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ ഉന്നതി ഹൂഡയും തോല്‍വി വഴങ്ങി.
സ്കോര്‍: 21-16, 14-21, 17-21.
മിക്സഡ് ഡബിള്‍സില്‍ ലോക ഒന്നാം നമ്പറായ ചൈനയുടെ ഫെങ് യാന്‍ ഹീ - ഹ്വാങ് ഡോങ്പിംഗ് കൂട്ടുകെട്ടിനോടായിരുന്നു ധ്രുവ് - ടാനിഷ സഖ്യത്തിന്റെ തോല്‍വി; 14-21, 21-18, 18-21. ലോക അഞ്ചാം നമ്പര്‍ സഖ്യമായ മലേഷ്യയുടെ പേളി ടാന്‍ - തിനാഷ് മുരളീധരന് എന്നിവരോടായിരുന്നു വനിതാ ഡബിള്‍സില്‍ ട്രീസ - ഗായത്രി ജോഡി പരാജയപ്പെട്ടത്; 18-21, 9-21. പുരുഷ ടീം ഇനത്തില്‍ സെമിയില്‍ പ്രവേശിച്ചപ്പോള്‍ ലഭിച്ച വെങ്കലമാണ് ഈ ഗെയിംസിൽ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍നിന്ന് ഇന്ത്യന്‍ ആക്കൗണ്ടിലെത്തിയ ഏക മെഡല്‍. 2022ല്‍ മൂന്നു മെഡല്‍ (സ്വര്‍ണം, വെള്ളി, വെങ്കലം) നേടിയിരുന്നു.
Sports
ആലുവ: യുസി കോളജില്‍ നടന്ന 45ാമത് സംസ്ഥാന സബ് ജൂനിയര്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പിൽ എറണാകുളത്തിന് ഓവറോൾ. നാല് സ്വര്‍ണവും മൂന്ന് വെങ്കലവും എറണാകുളം സ്വന്തമാക്കി.
മൂന്നുവീതം സ്വര്‍ണവും വെള്ളിയും നേടി കോഴിക്കോട് റണ്ണറപ്പായി. രണ്ടുവീതം സ്വര്‍ണവും വെള്ളിയും നേടി തൃശൂരാണ് മൂന്നാം സ്ഥാനക്കാർ. യൂണിയന് ക്രിസ്റ്റ്യന്‍ കോളജില്‍ നടന്ന സമാപനച്ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍ വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു. കേരള ജൂഡോ അസോസിയേഷന് വൈസ് പ്രസിഡന്റ് കെ. ജോയ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
ചാമ്പ്യന്‍ഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജെ.ആര്. രാജേഷ്, ജില്ലാ ജൂഡോ അസോസിയേഷന് വൈസ് പ്രസിഡന്റ് ഡോ. എം. ബിന്ദു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Sports
നഗോയ: ഇരുപതാമത് ദേശീയ ഗെയിംസില്‍ അത്ലറ്റിക്സിലൂടെ ഇന്ത്യന്‍ അക്കൗണ്ടില്‍ ഇരട്ടമെഡല്‍. വനിതകളുടെ 10,000 മീറ്ററില്‍ ഇന്ത്യക്കായി സീമ വെങ്കലം സ്വന്തമാക്കി. 32:50.05 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്നായിരുന്നു സീമ മെഡലണിഞ്ഞത്. 32.30.18 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയ ബെഹ്റിന്റെ യവി വിന്‍ഫ്രെഡ് സ്വര്‍ണവും 32:41.54 സെക്കന്‍ഡുമായി ജപ്പാന്റെ തനക നൊസോമി വെള്ളിയും സ്വന്തമാക്കി.
പിന്നാലെ 4x400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യ വെള്ളിയണിഞ്ഞു. ഗെയിംസില്‍ ഇന്നലെ രണ്ടു വെള്ളി, മൂന്നു വെങ്കലം എന്നിങ്ങനെ അഞ്ചു മെഡല്‍ ഇന്ത്യന്‍ അക്കൗണ്ടിലെത്തി.
ചരിത്രമെഡല്‍
ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യക്കായി 10,000 മീറ്റര്‍ ഓട്ടത്തില്‍ മെഡല്‍ നേടുന്ന മൂന്നാമതു മാത്രം വനിതാ താരമാണ് ഇരുപത്താറുകാരിയായ സീമ. 2010 ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മലയാളി താരം പ്രീജ ശ്രീധരനാണ് ഈയിനത്തിലെ ആദ്യ ഇന്ത്യന്‍ മെഡലിസ്റ്റ്. 2010ല്‍ കവിത റൗട്ട് ഇന്ത്യക്കായി വെള്ളിയും സ്വന്തമാക്കിയിരുന്നു.
നീണ്ട 16 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇത്തവണ വനിതകളുടെ 10,000 മീറ്ററില്‍ ഇന്ത്യ മറ്റൊരു ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടുന്നതെന്നതാണ് ശ്രദ്ധേയം.
കൗണ്ട്ബാക്കില് നഷ്ടം
വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യയുടെ ആശ ഇളങ്കോയ്ക്കു കന്നി ഏഷ്യാഡ് മെഡല്‍ നഷ്ടപ്പെട്ടത് കൗണ്ട്ബാക്കിലൂടെ. മത്സരത്തില്‍ വെങ്കലം നേടിയ ചൈനയുടെ ലി യിയുടെയും ആശ ഇളങ്കോയുടെയും മികച്ച ദൂരം 13.83 മീറ്റര്‍ ആയിരുന്നു. എന്നാല്‍, കൗണ്ട്ബാക്കില് ലി യി മികച്ചുനിന്നതോടെ വെങ്കലം നേടി. ആശ നാലാം സ്ഥാനത്തുമായി.
ട്രിപ്പിള്‍ ജംപില്‍ രണ്ടു താരങ്ങള്‍ തുല്യദൂരം ക്ലിയര്‍ ചെയ്താല്‍ ഉപയോഗിക്കുന്ന ടൈബ്രേക്കിംഗ് രീതിയാണ് കൗണ്ട്ബാക്ക്. ഇതില്‍ താരങ്ങളുടെ ഏറ്റവും മികച്ച രണ്ടാമത്തെ ദൂരം എടുക്കും. അതും ടൈ ആണെങ്കില്‍ മികച്ച മൂന്നും നാലും അഞ്ചും ആറും എല്ലാം നോക്കും.
ഇന്നലെ ലി യിയുടെ മികച്ച രണ്ടാമത്തെ ദൂരം 13.79 മീറ്റര്‍ ആയിരുന്നു. ആശയുടേത് 13.65ഉം. ഉസ്ബക്കിസ്ഥാന്റെ ഷരീഫ ഡവ്റോനോവ (14.35 മീറ്റര്‍) സ്വര്‍ണവും ചൈനയുടെ യിങ്-യിങ് ഹ്വാങ് (14.12) വെള്ളിയും സ്വന്തമാക്കി.
കുജൂര്‍, ഗുരിന്ദര്‍വീര്‍ സെമി
പുരുഷന്മാരുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ അനിമേഷ് കുജൂറും ഗുരിന്ദര്‍വീര്‍ സിംഗും സെമി ഫൈനലില്‍ ഇടംനേടി. 10.36 സെക്കന്‍ഡിലായിരുന്നു അനിമേഷ് കുജൂര്‍ ഫിനിഷിംഗ് ലൈന്‍ കടന്നത്. 10.38 സെക്കന്‍ഡില്‍ ഗുരിന്ദര്‍വീര്‍ സിംഗും ഓട്ടം പൂര്‍ത്തിയാക്കി. 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത തായ്ലന്‍ഡിന്റെ പുരിപോള് ബൂണ്‍സണ്‍ ആണ് ഹീറ്റ്സില്‍ ഏറ്റവും മികച്ച സമയം കുറിച്ച താരം.
Sports
തിരുവനന്തപുരം: വരാനിരിക്കുന്ന ബാറ്റിംഗ് പൂരത്തിന്റെ സാന്പിൾ വെടിക്കെട്ട് നടത്തി വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലും. ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിനു മുന്നോടിയായി ഇന്ത്യൻ സംഘം ഇന്നലെ കാര്യവട്ടം അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബാറ്റിംഗ് പരിശീലനത്തിനിറങ്ങിയപ്പോൾ ബൗളർമാരെ തല്ലിത്തകർക്കുന്ന പ്രകടനമായിരുന്നു വിരാട് കോഹ്ലിയുടെയും ക്യാപറ്റൻ ശുഭ്മാൻ ഗില്ലിന്റെയും.
കേരളാ ക്രിക്കറ്റ് ലീഗിലെ താരങ്ങളാണ് ഇന്ത്യൻ ടീമിന് പരിശീലനത്തിൽ പന്തെറിഞ്ഞു നൽകിയത്. കോഹ്ലിയുടേയും ഗില്ലിന്റെയും ബാറ്റിൽ നിന്നും പന്ത് ഗാലറിക്കു മുകളിലൂടെ പറന്നു.
ടീം ഇന്ത്യ ഇന്നലെ കൂടുതൽ സമയവും ബാറ്റിംഗ് പരിശീലനത്തിനായാണ് ചെലവഴിച്ചത്. വൈകുന്നേരം അഞ്ചോടെ ഇന്ത്യൻ സംഘം കാര്യവട്ടം സ്റ്റേഡിയത്തിലെത്തി. തുടർന്ന് വൈകുന്നേരം 5.30നു പരിശീലനം ആരംഭിച്ചു. പരിശീലനത്തിനിടെ ചെറിയ മഴ പെയ്തതോടെ കുറച്ചു സമയത്തേക്ക് പരിശീലനം നിർത്തിവച്ചു. മഴ തോർന്നതിനു പിന്നാലെ പരിശീലനം പുനരാരംഭിച്ചു. ഋതുരാജ് ഗെയ്ക്വാദ്, ധ്രുവ് ജൂവൽ, യശ്വസി ജെയ്സ്വാൾ, രാഹുൽ തുടങ്ങിയവരും ബാറ്റിംഗ് പരിശീലനത്തിനിറങ്ങി. കോഹ്ലി ആദ്യം സ്പിന്നർമാരെ നേരിട്ടു. തുടർന്നായിരുന്നു ഫാസ്റ്റ് ബൗളർമാരുടെ പന്ത് നേരിട്ടത്.
ബൗളിംഗ് നിരയിൽ നിന്നും ഇന്നലെ പരിശീലനത്തിനിങ്ങിയത് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും മാത്രമായിരുന്നു. രോഹിത് ശർമ, കോച്ച് ഗൗതം ഗംഭീർ ഉൾപ്പടെയുള്ളവർ ഇന്നലെ ടീമിനൊപ്പം ചേർന്നു. വിൻഡീസ് ടീം ഇന്നലെ പരിശീലനം നടത്തുമെന്നായിരുന്നു ആദ്യസൂചന. എന്നാൽ, പരിശീലനം മത്സരതലേന്നായ നാളത്തേക്കു മാറ്റി.
Sports
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ ഇന്നു കണ്ണൂരിൽ കൊടിയേറും. ജവഹര്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനമത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, റണ്ണേഴ്സപ്പായ തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി എട്ടിനാണു കിക്കോഫ്. മൈതാനത്തേക്കുള്ള പ്രവേശനം വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ആറു മുതൽ സംഗീതപരിപാടികൾ തുടങ്ങും.
ഇത്തവണ ചില മാറ്റങ്ങളോടെയാണ് എസ്എൽകെ അരങ്ങേറ്റം. സെമിഫൈനൽ ഹോം, എവേ രീതിയിൽ രണ്ടു പാദങ്ങളിലാക്കിയതോടെ മത്സരങ്ങളുടെ എണ്ണം 35 ആയി ഉയർന്നു. ലീഗ് മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്ന ടീമിനു ഷീൽഡ് ഏർപ്പെടുത്തിയതാണു മറ്റൊരു പുതുമ. ലീഗ് മത്സരങ്ങൾ നിശ്ചിതസമയത്ത് സമനിലയിൽ അവാസാനിച്ചാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയം തീരുമാനിക്കും. ജയിക്കുന്ന ടീമിനു മൂന്നു പോയിന്റും സമനില നേടിയാൽ ഒരു പോയിന്റും പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജയിച്ചാൽ അധികമായി ഒരു പോയിന്റും (രണ്ടു പോയിന്റ്) ലഭിക്കും.
ആറ് ടീമുകളിലായി 162 കളിക്കാരാണുള്ളത്. ഇതിൽ 128 ഇന്ത്യൻ കളിക്കാരും 34 വിദേശതാരങ്ങളുമാണ്.അണ്ടർ-23 വിഭാഗത്തിലെ 40 കളിക്കാരുണ്ട്. പ്രോജക്ട് ഗെയിം ചേഞ്ചറിലൂടെ ഒന്‍പതു പേർ വിവിധ ടീമുകളിൽ ഇടംനേടിയതായി സംഘാടകർ പറഞ്ഞു. ലീഗ് മത്സരങ്ങൾ നവംബർ 27നാണു സമാപിക്കുക. ഡിസംബർ ഒന്നിനു സെമിഫൈനൽ ആരംഭിക്കും. ഡിസംബർ 12നാണു ഫൈനൽ.
കഴിഞ്ഞ സീസണിലെ കലാശപ്പോരാട്ടക്കാർ ഇന്ന് അതേ ഗ്രൗണ്ടിൽ വീണ്ടുമിറങ്ങുന്പോൾ കളി ആവേശകരമാകും. ഇരുടീമുകളും മികച്ച കളിക്കാരുമായി കരുതിത്തന്നെയാണ് എത്തുക. കഴിഞ്ഞ സീസണിൽ തൃശൂരിന്റെ റഷ്യന്‍ പരിശീലകന് ആന്‍ന്ദ്രെ ചെര്‍ണിഷോവ് ഇത്തവണ വാരിയേഴ്സിനൊപ്പമാണ്. കേരള ഫുട്ബോള്‍ അസോസിയേഷന്റെ 2025-26 സീസണിലെ മികച്ച പരിശീലകനായ ഷഫീഖ് ഹസന് മഠത്തിലാണു സഹപരിശീലകൻ.
സ്പാനിഷ് പരിശീലകന് ഡേവിഡ് കനേഡയാണു തൃശൂര്‍ മാജിക് എഫ്സിയുടെ മുഖ്യപരിശീലകന്‍. സഹപരിശീലകൻ മുന്‍ ഇന്ത്യന്‍ താരം ജോപോള്‍ അഞ്ചേരിയാണ്. കഴിഞ്ഞ സീസിണിലെ മികച്ച ഗോൾകീപ്പർ കമാലുദ്ദീനാണ് ഗോൾപോസ്റ്റിൽ. മധ്യനിരയില്‍ പരിചയസമ്പന്നനായ സൂപ്പര്‍ താരം ലെനി റോഡ്രിഗസ്, ആക്രമണത്തില്‍ നവീന്‍ കൃഷ്ണയും അഫ്സലും പ്രതിരോധത്തില്‍ മുഹമ്മദ് ജിയാദുമുണ്ട്.
Sports
ബംഗളൂരു: ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്നു രാത്രി 7.30ന് ഇന്ത്യയും പാനമയും തമ്മില്‍ കാല്പ്പന്തുപോരാട്ടം. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കളിച്ച ടീമാണ് പാനമ. ലോക റാങ്കിംഗില്‍ 44-ാം സ്ഥാനക്കാര്‍. ഇന്ത്യ 138-ാം റാങ്കിലാണ്. ക്വാളിറ്റി മത്സരം കാഴ്ചവയ്ക്കാനുള്ള തയാറെയുപ്പിലാണ് ഖാലിദ് ജമീല്‍ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം.
ഒക്ടോബര്‍ മൂന്നിനു ബ്രസീലിനെയും ആറിന് ഉറുഗ്വെയെയും ഇന്ത്യ നേരിടും. പ്രതിരോധത്തില്‍ ബിജോയ് വര്‍ഗീസ്, മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, ആഷിഖി കുരുണിയന് എന്നിവരാണ് പാനമയ്ക്ക് എതിരായ ഇന്ത്യന്‍ സംഘത്തിലെ മലയാളി സാന്നിധ്യങ്ങള്‍.
Sports
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായ മൂന്ന് എഡിഷനില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വുഷു താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി നവോറെം റോഷിബിന ദേവി. വനിതകളുടെ 60 കിലോഗ്രാം സാന്റ വുഷുവില്‍ വെള്ളി നേടിയാണ് റോഷിബിന ദേവി ഈ ചരിത്രം കുറിച്ചത്. ഫൈനലില്‍ ചൈനയുടെ സാങ് ഷിയൊയുവിനോട് 2-0നു പരാജയപ്പെട്ടു.
2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണവും 2022 ഹാങ്ഷൂ ഗെയിംസില്‍ വെള്ളിയും ഈ മണിപ്പുര്‍ സ്വദേശിനി സ്വന്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തില്‍ ആദ്യം മുതല്‍ റോഷിബിന ദേവി ഉണ്ടായിരുന്നില്ല.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷൽ ആർട്സിൽ (എംഎംഎ) ഇന്ത്യക്കു ചരിത്രത്തിലെ ആദ്യ മെഡൽ സമ്മാനിച്ച് സുചിക തരിയാൽ. ഇന്നലെ നടന്ന വനിതകളുടെ ട്രെഡിഷണൽ 60 കിലോഗ്രാം സെമിഫൈനലിൽ വെങ്കലം നേടിയാണു സുചിക ചരിത്രമെഡൽ സ്വന്തമാക്കിയത്. എന്നാൽ, ടൂർണമെന്റിലെ ചില നിയമങ്ങൾ കാരണം ഇന്ത്യൻ താരത്തിനു ഫൈനലിൽ കടക്കാനും സ്വർണമെഡലിനായി പോരാടാനും സാധിക്കാതെ പോയി.
ആരാധകരെ ആകാംക്ഷയുടെ മുനന്പിൽ നിർത്തിയ മത്സരത്തിൽ സിംഗപ്പൂരിന്റെ ഹുയി ഹൂണ്‍ തിയോയോടു സുചിക തോൽവി വഴങ്ങി. ഇരുവരും മത്സരത്തിൽ മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. മത്സരത്തിൽ സുചിക തന്റെ ജൂഡോ മികവ് പുറത്തെടുത്ത് എതിരാളിയെ നിലത്തു വീഴ്ത്തുകയും ശക്തമായ പ്രഹരങ്ങൾ ഏൽപ്പിക്കുകയും ചെയ്തപ്പോൾ, മികച്ച ബോക്സിംഗ് കരുത്തിലൂടെ തിയോ മത്സരത്തിൽ മേൽക്കൈ നേടുകയായിരുന്നു.
ആദ്യ റൗണ്ട് സിംഗപ്പൂർ താരം നേടിയതോടെ സുചികയ്ക്കു തിരിച്ചുവരവ് അനിവാര്യമായി മാറുകയും രണ്ടാം റൗണ്ടിൽ താരം അതു സാധിച്ചെടുക്കുകയും ചെയ്തു. രണ്ടാം റൗണ്ടിന്റെ അവസാനത്തോടെ എതിരാളിയെ വീണ്ടും നിലത്തു വീഴ്ത്തി നിയന്ത്രണത്തിലാക്കാൻ ഇന്ത്യൻ താരത്തിനു കഴിഞ്ഞു. ഈ റൗണ്ട് സുചിക വിജയിച്ചതോടെ മത്സരം ഒരു മിനിറ്റ് നീണ്ട അധിക സമയത്തിലേക്ക് (ഓവർടൈം) നീണ്ടു. എന്നാൽ, ഓവർടൈമിൽ തിയോ പോരാട്ടം നിയന്ത്രിക്കുകയും സുചികയുടെ പഞ്ച് ശ്രമങ്ങൾ ഫലം കാണാതെ പോകുകയും ചെയ്തു.
ഫലപ്രഖ്യാപന വേളയിൽ അതൃപ്തി രേഖപ്പെടുത്തിയ സുചിക, റഫറിക്കും തിയോയ്ക്കുമൊപ്പം റിംഗിന്റെ നടുവിൽ നിൽക്കാൻ വിസമ്മതിച്ച് വിധിയിൽ പ്രതിഷേധിച്ചു.
നിയമം സുചികയ്ക്ക് എതിരായി
നിയമപ്രകാരം ജഡ്ജിമാരുടെ തീരുമാനത്തിനെതിരേ പ്രതിഷേധിക്കാനും തോൽവിയിൽനിന്നു ഫലം സമനിലയാക്കി മാറ്റാനും 1000 യുഎസ് ഡോളർ നോണ്‍-റീഫണ്ടബിൾ ഫീസായി അടയ്ക്കണമായിരുന്നു. ഈ തുക അടച്ച് ഇന്ത്യൻ എംഎംഎ ഫെഡറേഷൻ ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തി.
സാധാരണയായി മൂന്നു വിധികർത്താക്കളാണു മത്സരം വിലയിരുത്തുക. എന്നാൽ, അപ്പീൽ നൽകിയതോടെ 10 അംഗ ജൂറി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയും മത്സരം സമനിലയിൽ കലാശിച്ചതായി കണ്ടെത്തുകയും ചെയ്തു.
എന്നാൽ, മത്സരം സമനിലയിലായാൽ ശരീരഭാരം കുറവുള്ള താരത്തെ വിജയിയായി പ്രഖ്യാപിക്കുന്ന ടൈ-ബ്രേക്കർ നിയമമാണു സുചികയ്ക്കു തിരിച്ചടിയായത്. സുചികയ്ക്ക് എതിരാളിയേക്കാൾ 700 ഗ്രാം ഭാരം കൂടുതലായിരുന്നതിനാൽ വിജയം സിംഗപ്പൂർ താരത്തിന് അനുകൂലമായി പ്രഖ്യാപിക്കപ്പെട്ടു. ഇതോടെ സുചികയ്ക്ക് ഫൈനൽ അവസരം നഷ്ടപ്പെടുകയും വെങ്കല മെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു.
ലക്ഷ്യം സ്വർണം
നഗോയ: 2023 ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് ഫൈനലിന്റെ ആവർത്തനമെന്ന നിലയിൽ ഇന്ത്യയും ശ്രീലങ്കയും സ്വർണമെഡലിനായി പോരാട്ടിന് ഇന്ന് ഇറങ്ങുന്നു. രണ്ടു ടീമുകളും അനായാസമായാണു ഫൈനലിലേക്കു മുന്നേറിയത്. ക്വാർട്ടർ ഫൈനലിലും സെമിയിലും ജപ്പാനെയും ബംഗ്ലാദേശിനെയും തകർത്താണ് ഇന്ത്യയുടെ മുന്നേറ്റമെങ്കിൽ ശ്രീലങ്കയുടേത് മലേഷ്യക്കും പാക്കിസ്ഥാനുമെതിരേയായിരുന്നു.
പത്തു ദിവസത്തിനുള്ളിൽ ഇരു ടീമുകളും രണ്ടാം തവണയാണ് ഏറ്റുമുട്ടാനിറങ്ങുന്നത്. 13ന് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ 72 റണ്‍സിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്. ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്താൻ ഇറങ്ങുന്ന ഇന്ത്യതന്നെയാണു ഫേവറിറ്റുകൾ.
ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിൽ എന്തെങ്കിലും ബലഹീനത കണ്ടെത്താനാകുമെങ്കിൽ അത് മധ്യനിരയിലാണ്. ഷഫാലി വർമ-സ്മൃതി മന്ദാന എന്നിവരുടെ ഓപ്പണിംഗ് ഒഴികെ മധ്യനിര തീർത്തും മോശം ബാറ്റിംഗാണ് പുറത്തെടുക്കുന്നത്. ഹർമൻപ്രീത് കൗർ കഴിഞ്ഞ മത്സരത്തിൽ 40 റണ്‍സ് നേടിയെങ്കിലും ഫോമിലെന്നു പറയാനാകില്ല.
ഇന്ത്യൻ സ്പിന്നർമാർരെ ഫലപ്രദമായി നേരിടാനാകുമോയെന്നതാണ് ഇന്നത്തെ ഫൈനലിൽ ശ്രദ്ധേയമാകുക. ശ്രീലങ്കൻ ബാറ്റിംഗ് നിരയിൽ ചമരി അട്ടപ്പട്ടു, ഹസിനി പെരേര, കവിഷ ദിൽഹാരി എന്നിവർ ഫോമിലാണ്.
Sports
നഗോയ: ഇന്നലെ ഇന്ത്യയുടെ ആദ്യ മെഡൽ ഷൂട്ടിംഗ് റേഞ്ചിൽനിന്ന്. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി മെഡൽ നേടിയാണ് ഷൂട്ടിംഗ് റേഞ്ചിൽ ഇന്ത്യ മികവ് തുടരുന്നത്. രുദ്രാങ്ക്ഷ് പാട്ടീൽ, ഹിമാൻഷു ധില്ലൻ, പാർഥ് മാനെ എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ആകെ 1890.1 പോയിന്റോടെയാണ് ഇന്ത്യൻ ടീം വെള്ളി മെഡൽ കരസ്ഥമാക്കിയത്.
ഈ ഇനത്തിൽ 1899.0 പോയിന്റ് എന്ന പുതിയ ലോക റിക്കാർഡോടെ ചൈന സ്വർണം നേടി. ദക്ഷിണ കൊറിയ 1884.2 പോയിന്റോടെ വെങ്കല മെഡൽ സ്വന്തമാക്കി.
യോഗ്യതാ റൗണ്ടിൽ ധില്ലൻ 630.0 പോയിന്റ് നേടിയപ്പോൾ പാട്ടീലും പാർഥ് മാനെയും യഥാക്രമം 631.5 പോയിന്റും 628.3 പോയിന്റും നൽകി.
ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ഇതുവരെ നാലു വെള്ളിയുമായി ഇന്ത്യ മികച്ച തുടക്കമാണിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ഇളവേനിൽ വാളറിവേൻ, സോനം മസ്കർ, വിദർശ വിനോദ് എന്നിവരടങ്ങിയ ടീം വെള്ളി മെഡൽ നേടിയിരുന്നു. കൂടാതെ, വ്യക്തിഗത വിഭാഗത്തിൽ ഇളവേനിൽ മറ്റൊരു വെള്ളി മെഡലും ഇന്ത്യക്കായി സ്വന്തമാക്കി.
ഹിമാൻഷുവിന്റെ ഡബിൾ പോഡിയം
കന്നി ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളി മെഡൽ നേടിക്കൊണ്ട് അഭിമാന താരമായിരിക്കുകയാണ് ഹിമാൻഷു ധില്ലൻ. പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിനു പിന്നാലെ വ്യക്തിഗത ഇനത്തിലും താരം വെള്ളിയിൽ മുത്തമിട്ടു.
ഹിമാൻഷു 252.4 പോയിന്റ് നേടിയപ്പോൾ, നിലവിലെ ഒളിന്പിക് ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ ചൈനയുടെ ഷെംഗ് ലിഹാവോ 254.2 പോയിന്റോടെ സ്വർണം നേടുകയും തന്റെ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തുകയും ചെയ്തു. രുദ്രാങ്ക്ഷ് 230.9 പോയിന്റുമായി വെങ്കലം നേടി.
വ്യക്തിഗത ഫൈനൽ പല അപ്രതീക്ഷിത ട്വിസ്റ്റുകൾക്കു സാക്ഷ്യം വഹിച്ചു. തുടക്കത്തിൽ മുന്നിലായിരുന്ന രുദ്രാങ്ക്ഷ്, 14 ഷോട്ടുകൾക്ക് ശേഷം 148.2 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തി. ലിഹാവോ 147.7 പോയിന്റുമായും ഹിമാൻഷു തൊട്ടുപിന്നിലായി 147.4 പോയിന്റുമായും ഒപ്പമുണ്ടായിരുന്നു.
തുടർന്ന് ഹിമാൻഷു ധില്ലൻ 10.9 പോയിന്റ് നേടി രുദ്രാങ്ക്ഷ് പാട്ടീലിന് തൊട്ടടുത്തെത്തി (0.1 പോയിന്റ് വ്യത്യാസം മാത്രം). എന്നാൽ, 16 ഷോട്ടുകൾക്കു ശേഷം ഷെങ് ലിഹാവോ മുന്നിലെത്തി.
ഈ മൂന്നു ഷൂട്ടർമാരും ക്രമേണ മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലെത്തി. 20 ഷോട്ടുകൾക്കു ശേഷം 211.6 പോയിന്റുമായി ലിഹാവോ ലീഡ് ചെയ്തു. 210.6 പോയിന്റുമായി രുദ്രാങ്ക്ഷ് രണ്ടാമതും, 0.6 പോയിന്റ് പിന്നിലായി ഹിമാൻഷു ധില്ലൻ മൂന്നാമതുമായിരുന്നു.
എന്നാൽ 21-ാം ഷോട്ടിൽ രുദ്രാങ്ക്ഷ് നേടിയ 9.7 പോയിന്റ് മത്സരഫലത്തിൽ മാറ്റമുണ്ടാക്കി. ഇത് ഹിമാൻഷുവിനെ രണ്ടാം സ്ഥാനത്തേക്ക് ഉയരാൻ സഹായിച്ചു. ഒടുവിൽ 230.9 പോയിന്റോടെ രുദ്രാങ്ക്ഷ് പുറത്തായി. ഹിമാൻഷുവിനേക്കാൾ 0.1 പോയിന്റ് മാത്രം പിന്നിലായിരുന്നു അദ്ദേഹം. അവസാന ഷോട്ടുകളിൽ ഷെംഗ് ലിഹാവോയെ മറികടക്കാൻ ഹിമാൻഷു ധില്ലൻ ശ്രമിച്ചെങ്കിലും ചൈനീസ് താരം മികച്ച പ്രകടനം തുടർന്നു. ഇതോടെ ഇന്ത്യൻ താരത്തിന് വെള്ളി മെഡൽകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Sports
രാജ്കോട്ട്: രണ്ടാം ഏകദിന ക്രിക്കറ്റിലും ഓസ്ട്രേലിയയുടെ അണ്ടർ-19 ടീമിനെ തോൽപ്പിച്ച് ഇന്ത്യയുടെ അണ്ടർ-19 ടീം. 342 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയൻ ടീം 239 റണ്‍സിന് എല്ലാവരും പുറത്തായി. 102 റണ്‍സിന്റെ വൻ വിജയം ഇന്ത്യൻ കൗമാരനിര സ്വന്തമാക്കുകയും ചെയ്തു. അഞ്ചു മത്സര പരന്പരയിൽ ഇന്ത്യ 2-0ന് മുന്നിലെത്തി.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിയ 50 ഓവറിൽ ഏഴു വിക്കറ്റിന് 341 റണ്‍സ് നേടി.
ആദ്യ ഏകദിനത്തിലേതുപോലെ രണ്ടാം ഏകദിനത്തിലും വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗ് ബാറ്റിങ്ങിൽ തിളങ്ങി. എന്നാൽ, രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ഒന്‍പത് റണ്‍സെടുത്ത് പുറത്തായി. 47 റണ്‍സാണ് ഓപ്പണറായ ആര്യവീർ നേടിയത്. കന്നി അർധ സെഞ്ചുറിക്ക് മൂന്നു റണ്‍സ് അകലെ റണ്ണൗട്ടിലൂടെയാണ് പുറത്തായത്. 122 റണ്‍സുമായി യഷ്ബർദ്ധൻ ചൗഹാൻ ടോപ് സ്കോറാറായി. വി.കെ. വിനീത് 87 റണ്‍സ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് കൗമാര സംഘം ഇന്ത്യൻ പന്തേറുകാർക്കു മുന്നിൽ തുടക്കം മുതലേ പതറി.
Sports
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോൾ മാഡ്രിഡ് ഡർബിയിൽ അത്ലറ്റിക്കോ ഒന്നിനെതിരേ രണ്ടു ഗോളിനു റയൽ മാഡ്രിഡിനെ തോൽപിച്ചു. രണ്ടാം പകുതിയിൽ അലജാൻഡ്രോ ഗ്രിമാൽഡോ, ജോനാഥൻ ഡേവിഡ് എന്നിവരുടെ ഗോളുകളാണു പത്തു പേരുമായി മത്സരം പൂർത്തിയാക്കേണ്ടിവന്ന റയലിനെതിരേ ജയമൊരുക്കിയത്.
സീസണിലെ ഏഴു കളിയിൽ റയലിന്റെ രണ്ടാം തോൽവിയാണ്. 15 പോയിന്റുമായി ഹൊസെ മൗറിഞ്ഞോയുടെ ടീം നാലാമതാണ്. 21 പോയിന്റുമായി ബാഴ്സലോണയാണ് ഒന്നാമത്. അത്ലറ്റികോ 16 പോയിന്റുമായി രണ്ടാമതാണ്.89-ാം മിനിറ്റിൽ അന്റോണിയോ റൂഡിഗർ റയലിനായി ഒരു ഗോൾ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.
Sports
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മാന്നാനം സെന്റ് എഫ്രേംസ് എച്ച്എസ്എസും പെണ്‍കുട്ടികളിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസും ജേതാക്കളായി.
ആവേശകരമായ പെണ്‍കുട്ടികളുടെ ഫൈനലിൽ പത്തനാപുരം മൗണ്ട് താബോർ എച്ച്എസ്എസിനെ 68-52ന് പരാജയപ്പെടുത്തി പ്രൊവിഡൻസ് കിരീടം സ്വന്തമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ കോണ്‍വെന്റ് എച്ച്എസ്എസിനെ 83-62ന് മറികടന്നാണ് സെന്റ് എഫ്രേംസ് ട്രോഫി നേടിയത്. കഴിഞ്ഞയാഴ്ച തിരുവല്ലയിൽ നടന്ന ക്രൈസ്റ്റ് ചലഞ്ച് ട്രോഫിയും ഈ ഇരു ടീമുകളുമായിരുന്നു സ്വന്തമാക്കിയത്.
ടൂർണമെന്റിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഗ്രാൻഡ് വാലിഡിക്ടറി ചടങ്ങിൽ ഡോണ്‍ ബോസ്കോ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ എസ്ഡിബി സ്വാഗതം പറഞ്ഞു. മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ താരം ടി.കെ. ശേഷാദ്രി മുഖ്യാതിഥിയായി. ബാസ്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ സെലക്ഷൻ കമ്മിറ്റി അംഗം ഒ.പി.ജെ. സണ്ണിയും ചടങ്ങിൽ പങ്കെടുത്തു.
ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരായി പ്രോവിഡൻസിന്റെ പി. ശ്രീയ, സെന്റ് എഫ്രേംസിന്റെ അക്ഷയ് അലക്സ് എന്നിവരെ തെരഞ്ഞെടുത്തു. പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ എസ്ഡിബി നന്ദി രേഖപ്പെടുത്തി.
Sports
കൊച്ചി: അര്‍ജന്റീന, ബ്രസീല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിദേശതാരങ്ങളെയടക്കം അണിനിരത്തി പുത്തന്‍ മാറ്റങ്ങളോടെ സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണിന് 25ന് കണ്ണൂരില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂര്‍ വാരിയേഴ്സ് ഹോം ഗ്രൗണ്ടായ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30നാണ് കിക്കോഫ്.
34 വിദേശ താരങ്ങളടക്കം 162 കളിക്കാരാണ് ഇത്തവണ ആറ് ക്ലബ്ബുകളിലായി ബൂട്ട് ആണിയുന്നത്. എസ്എല്‍കെയുടെ പ്രോജക്ട് ഗെയിം ചേഞ്ചര്‍ പദ്ധതിയിലൂടെ കണ്ടെത്തിയ പുതിയ ഒമ്പതു താരങ്ങളും മൂന്നാം സീസണിന്റെ ഭാഗമാകും. ഡിസംബര്‍ 12നാണു ഫൈനല്‍. മത്സരങ്ങള്‍ സീ5 ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലും യുനൈറ്റ് 8 സ്പോര്‍ട്സിലും എത്തിസലാത്തിലും തത്സമയം കാണാം.
കാസര്‍ഗോഡ്, പാലക്കാട് ടീമുകള്‍ ഇത്തവണ സൂപ്പര്‍ ലീഗ് കേരളയുടെ ഭാഗമാകേണ്ടിയിരുന്നെങ്കിലും ഹോം ഗ്രൗണ്ടുകളില്ലാത്തിനാല് ആറു ടീമുകളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത സീസണില്‍ കൂടുതല്‍ ടീമുകള്‍ ഉണ്ടാകുമെന്ന് സൂപ്പര്‍ ലീഗ് കേരള ഡയറക്ടര്‍ ആന്‍ഡ് സിഇഒ മാത്യു ജോസഫ് പറഞ്ഞു. കൊച്ചിയില്‍ നടന്ന മൂന്നാം സീസണ് പ്രഖ്യാപന ചടങ്ങില്‍ എസ്എല്‍കെ മാനേജിംഗ് ഡയറക്ടര്‍ ഫിറോസ് മീരാനും പങ്കെടുത്തു.
കപ്പടിക്കാന്‍ ആറു ടീമുകള്‍
ആദ്യ സീസണിലെ ജേതാക്കളായ കാലിക്കട്ട് എഫ്സി, നടന് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫോഴ്സാ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി എന്നീ ടീമുകളും കിരീടപ്പോരാട്ടത്തിനായി ഇത്തവണയും ഇറങ്ങുന്നുണ്ട്. ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തുന്ന ടീമിനു നല്‍കാനായി സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയ ട്രോഫി ഈ സീസണില്‍ അവതരിപ്പിച്ചിട്ടുണ്ട്.
സമനിലക്കളിയില്ല
മത്സരങ്ങളുടെ എണ്ണം 33ല്‍നിന്ന് 35 ആയി ഈ സീസണില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സെമിഫൈനലുകള്‍ ഹോം ആന്‍ഡ് എവേ അടിസ്ഥാനത്തില്‍ രണ്ടു പാദങ്ങളായി നടക്കും. ലീഗ് ഘട്ടത്തില്‍ ഒരു മത്സരവും സമനിലയില്‍ അവസാനിക്കില്ല. 90 മിനിറ്റില്‍ കളി സമനിലയിലായാല്‍ വിജയികളെ കണ്ടെത്താന്‍ നേരിട്ട് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു കടക്കും. നോക്കൗട്ട് മത്സരങ്ങളില്‍ പതിവുപോലെ എക്സ്ട്രാ ടൈമും തുടര്‍ന്ന് ഷൂട്ടൗട്ടും ഉണ്ടായിരിക്കും. പുതിയ 3-2-1 പോയിന്റ് ഘടനപ്രകാരം 90 മിനിറ്റില്‍ വിജയിക്കുന്ന ടീമിനു മൂന്നു പോയിന്റും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വിജയിക്കുന്ന ടീമിനു രണ്ടു പോയിന്റും തോല്‍ക്കുന്ന ടീമിന് ഒരു പോയിന്റും ലഭിക്കും.
Sports
നഗോയ: ഏഷ്യൻ ഗെയിംസിൽ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എംഎംഎ താരം മത്സരത്തിൽ നിന്ന് പിൻമാറി. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാലിന്റെ മകൻ വരുൺ സന്യാൽ ആണ് പിൻമാറിയത്.
ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഉൾപ്പെടുത്തിയ മിക്സഡ് മാർഷ്യൽ ആർട്സിലായിരുന്നു വരുൺ മത്സരിക്കേണ്ടിയിരുന്നത്. ഞായറാഴ്ച നടന്ന പുരുഷൻമാരുടെ ട്രഡീഷണൽ എംഎംഎ 77 കിലോഗ്രാം വിഭാഗത്തിലാണ് വരുൺ മത്സരിക്കേണ്ടിയിരുന്നത്.
മത്സരത്തിന് മുമ്പായി ഭാരം 77 കിലോഗ്രാമിലെത്തിക്കാൻ 'സോന' ഉപയോഗിക്കുന്നതിനിടെയായിരുന്നു വരുൺ ബോധരഹിതനായത്. ഉടൻതന്നെ വരുണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ വരുൺ അപകടനില തരണം ചെയ്തെങ്കിലും മത്സരത്തിൽ നിന്ന് പിൻമാറിയതായി എംഎംഎ സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് നിഖിൽ കുന്ദേര പ്രതികരിച്ചു.
Sports
ദുബായ്: വനിതാ ഏഷ്യ കപ്പ് ഫൈനലിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ ഷഫാലി വർമയും സ്മൃതി മന്ഥാനയും തകർപ്പൻ അർധസെഞ്ചുറികൾ നേടി.
ഈ ടൂർണമെന്റിലെ ഏറ്റവും വേഗമേറിയ അർധസെഞ്ചുറി സ്വന്തമാക്കിയ ഷഫാലി വർമ 24 പന്തിലാണ് അർദ്ധസെഞ്ചുറി തികച്ചത്. 39 പന്തിൽ 9 ഫോറും 2 സിക്സും അടക്കം 68 റൺസെടുത്താണ് താരം പുറത്തായത്. 39 പന്തിൽ 5 ഫോറും 3 സിക്സും ഉൾപ്പെടെ 59 റൺസെടുത്ത സ്മൃതി മന്ഥാന, ക്യാപ്റ്റൻ ഹർമൻപ്രീത് കൗറുമായുള്ള ഓട്ടത്തിനിടയിൽ റണ്ണൗട്ടാവുകയായിരുന്നു.
ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ ചേർന്ന് 121 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് കെട്ടിപ്പടുത്തത്.2024 ഫൈനലിലെ തോൽവിക്ക് പകരംവീട്ടി എട്ടാം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹർമൻപ്രീത് കൗറും സംഘവും കളത്തിലിറങ്ങിയിരിക്കുന്നത്.
Sports
കോല്‍ക്കത്ത: ബ്രസീല്‍ ഫുട്ബോള്‍ ആരാധകര്‍ക്കു സന്തോഷവാര്‍ത്ത... വിനിസ്യൂസ് ജൂണിയര്‍ അടക്കമുള്ള ബ്രസീല്‍ സൂപ്പര്‍ താരങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നു. ഫിഫ 2026 ലോകകപ്പ് സമയത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം പോസ്റ്ററുകളില്‍ നിറഞ്ഞ കളിക്കാര്‍ പന്തുതട്ടുന്നതു നേരില്‍ കാണാനുള്ള അവസരമാണ് ആരാധകര്‍ക്കു മുന്നിലെത്തിയിരിക്കുന്നത്. അടുത്ത മാസം മൂന്നിനു കോല്‍ക്കത്തയില്‍ ഇന്ത്യക്കെതിരേ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ബ്രസീല്‍ ടീമിനെ മുഖ്യപരിശീലകന്‍ കാര്‍ലൊ ആഞ്ചെലോട്ടി പ്രഖ്യാപിച്ചു.
ഒക്ടോബര്‍ മൂന്നിന് ഇന്ത്യന്‍ സമയം രാത്രി ഏഴിനാണ് ബ്രസീല്‍ x ഇന്ത്യ സൗഹൃദ ഫുട്ബോളിന്റെ കിക്കോഫ്. സാള്‍ട്ട്ലേക്ക് സ്റ്റേഡിയമാണു വേദി. 2030 ഫിഫ ലോകകപ്പ് ലക്ഷ്യംവച്ചുള്ള കാനറികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഒന്നാംനിര ടീമുമായി കാര്‍ലൊ ആഞ്ചെലോട്ടി ഇന്ത്യയിലേക്കെത്തുന്നത്.
വിനിസ്യൂസ്, റാഫീഞ്ഞ
സ്പാനിഷ് ലാ ലിഗയിലെ വമ്പന്‍ ക്ലബ്ബുകളായ റയല്‍ മാഡ്രിഡിന്റെ വിനിസ്യൂസ് ജൂണിയര്‍, എന്‍ഡ്രിക്, എഫ്സി ബാഴ്സലോണയുടെ റാഫീഞ്ഞ, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ആഴ്സണല്‍ എഫ്സിയുടെ ബ്രൂണോ ഗിമാറാഷ്, ഗബ്രിയേല്‍ മഗലായിസ് എന്നിങ്ങനെ നീളുന്ന താരസമ്പന്നമായ 26 അംഗ ടീമിനെയാണ് കാര്‍ലൊ ആഞ്ചെലോട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്റ്റാവൊ, ജൊവാവൊ പെഡ്രൊ, റയാന്, സാമുവല്‍ ലിനൊ, വിനിസ്യൂസ്, റാഫീഞ്ഞ, എന്‍ഡ്രിക്, മാര്‍ക്കിഞ്ഞോസ്, ഡാനിലൊ സാന്റോസ്, ഡഗ്ലസ് ലൂയിസ് എന്നിങ്ങനെ നീളുന്നതാണ് ബ്രസീലിന്റെ ആക്രമണനിര.
ഇന്ത്യയില്‍ എത്തുന്നതിനു മുമ്പ് സെപ്റ്റംബര്‍ 25, 29 തീയതികളില്‍ ബ്രസീല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ രണ്ടു സൗഹൃദമത്സരങ്ങള്‍ കളിക്കും. ഈ മത്സരങ്ങള്ക്കുകൂടിയുള്ള ടീമിനെയാണ് ആഞ്ചെലോട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
ലക്ഷ്യം 2030 ലോകകപ്പ്
2030 ഫിഫ ലോകകപ്പ് ലക്ഷ്യംവച്ചുള്ള മുന്നൊരുക്കം ബ്രസീല്‍ ആരംഭിച്ചതായി ആഞ്ചെലോട്ടി പറഞ്ഞു. അതുകൊണ്ടുതന്നെ പരിചയസമ്പത്തും യുവത്വവുമുള്ള സന്തുലിത ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എട്ടു പുതുമുഖങ്ങളെ ആഞ്ചെലോട്ടി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2002ലാണ് ബ്രസീല്‍ അവസാനമായി ഫിഫ ലോകകപ്പ് സ്വന്തമാക്കിയത്. അതിനുശേഷം ഫൈനലില്‍ എത്തിയിട്ടുമില്ല. 2026 ലോകകപ്പില്‍ പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ പുറത്തായിരുന്നു.
ഇന്ത്യ x ബ്രസീല്‍ ആദ്യം
ഇന്ത്യന്‍ ടീമിന് എതിരേ ബ്രസീല്‍ ഫുട്ബോള്‍ തട്ടുന്നത് ചരിത്രത്തില്‍ ഇതാദ്യം. നിലവില്‍ ഫിഫ ലോക അഞ്ചാം റാങ്കുകാരാണ് അഞ്ചു തവണ ലോകകപ്പുയര്‍ത്തിയ കാനറികള്‍. 138-ാം റാങ്കുകാരാണ് ഇന്ത്യ. ലോകകപ്പ് ഉള്‍പ്പടെയുള്ള വന്വേദികളില് കളിച്ച ബ്രസീല്‍ ടീം അംഗങ്ങള്‍ക്കെതിരേ ഇറങ്ങാമെന്നുള്ള ഭാഗ്യമാണ് ഇന്ത്യന്‍ ദേശീയ ടീമിനു വന്നിരിക്കുന്നത്. മാര്‍ച്ച് 31നു ഹോങ്കോംഗിന് എതിരേയാണ് ഇന്ത്യയുടെ അവസാന ജയം. അതിനുശേഷം കളിച്ച നാലു മത്സരങ്ങളില്‍ മൂന്നിലും പരാജയപ്പെട്ടു.
ടിക്കറ്റിന് `5000
ഇന്ത്യ x ബ്രസീല്‍ സൗഹൃദ ഫുട്ബോളിനുള്ള ടിക്കറ്റ് ഡിസ്ട്രിക്റ്റ് ആപ്പിലൂടെ ലഭ്യമാണ്. 5000 മുതല്‍ 25,000 രൂപവരെയാണ് ടിക്കറ്റ് ചാര്‍ജ്. ബെയ്സ് ഫീസും ജിഎസ്ടിയും അടക്കം 5000 രൂപയുടെ ടിക്കറ്റിന്റെ ആകെത്തുക 5,531 ആകും.
Sports
ന്യൂയോര്‍ക്ക്: 2026 യുഎസ് ഓപ്പണ്‍ ടെന്നീസ് പോരാട്ടം സെമി ഫൈനല്‍ വാതിലില്‍. പുരുഷ സിംഗിള്‍സ് സെമിയില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് റഷ്യയുടെ കരെന്‍ ഖാച്ചനോവിനെ നേരിടും. നിലവിലെ ചാമ്പ്യനായ സ്പെയിനിന്റെ കാര്‍ലോസ് അല്‍കരാസിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയ അമേരിക്കയുടെ ബെന്‍ ഷെല്‍ട്ടണ്‍, നാട്ടുകാരനായ ഫ്രാന്‍സെസ് തിയാഫൊയുമായി സെമിയില്‍ കൊമ്പുകോര്‍ക്കും.
വസെമി സ്റ്റൈല്‍... പുരുഷ സിംഗിള്‍സ്:- സ്വരേവ് x ഖാച്ചനോവ് തിയാഫൊ x ഷെല്‍ട്ടണ്‍ വനിതാ സിംനിതാ സിംഗിള്‍സ് സെമിയില്‍ ആദ്യ നാലു സീഡുകാര്‍ പരസ്പരം ഏറ്റുമുട്ടും. ഒന്നാം സീഡായ ബെലാറൂസിന്റെ അരീന സബലെങ്ക മൂന്നാം സീഡായ അമേരിക്കയുടെ ജെസീക്ക പെഗുലയെയും നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിനയെയും നേരിടും.
ഡച്ച് താരം ബോട്ടിക് വാന്‍ഡി സാവന്ഡ്ഷൂള്പ്പിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് സ്വരേവ് സെമിയിലെത്തിയത്. സ്കോര്‍: 6-2, 7-5, 6-1. ബെല്‍ജിയത്തിന്റെ അലക്സാണ്ടര്‍ ബ്ലോക്സിനെ മറികടന്നാണ് ഖാച്ചനോവിന്റെ സെമി പ്രവേശം. സ്കോര്‍: 6-2, 7-5, 3-2. മൂന്നാം സെറ്റിനിടെ പരിക്കേറ്റ് അലക്സാണ്ടര്‍ ബ്ലോക്സ് പിന്മാറുകയായിരുന്നു.
നമ്പര്‍ 1 റെബാകിന
വനിതാ ടെന്നീസ് സിംഗിള്‍സ് ലോക ഒന്നാം നമ്പറിനു പുതിയ അവകാശി; കസാക്കിസ്ഥാന്റെ എലെന റെബാകിന. 99 ആഴ്ച ഒന്നാം സ്ഥാനം അലങ്കരിച്ച ബെലാറൂസിന്റെ അരീന സബലെങ്കയെ പിന്തള്ളിയാണ് റെബാകിന തലപ്പത്തെത്തിയത്. ലോക സിംഗിള്‍സ് (പുരുഷ-വനിത) ഒന്നാം റാങ്കില്‍ എത്തുന്ന ആദ്യ കസാക്കിസ്ഥാന്‍ താരമാണ് എലെന റെബാകിന.
ഒന്നാം സ്ഥാനം അലങ്കരിക്കുന്ന 30-ാമതു താരമാണ്.യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ ചൈനയുടെ ഖ്വെങ് ക്വിന്‍വെന്നിനെ തോല്‍പ്പിച്ചതോടെയായിരുന്നു റെബാകിനയുടെ റാങ്കിംഗ് മുന്നേറ്റം. 3-6, 6-1, 6-4 എന്ന സ്കോറിനായിരുന്നു റെബാനികയുടെ ജയം. സെമിയില്‍ റെബാകിന അമേരിക്കയുടെ കൊക്കൊ ഗൗഫിനെ നേരിടും. റഷ്യയുടെ മിറ ആന്‍ഡ്രീവയെ ക്വാര്‍ട്ടറില്‍ കീഴടക്കിയാണ് ഗൗഫ് സെമിയിലെത്തിയത്. സ്കോര്‍: 2-6, 7-6 (9-7), 6-2.
Sports
ചെന്നൈ: 2026 ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം ഈസ്റ്റ് സോണിന്. സൗത്ത് സോണിന് എതിരായ ഫൈനല്‍ സമനിലയില്‍ കലാശിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ലീഡിന്റെ അടിസ്ഥാനത്തില്‍ ഈസ്റ്റ് സോണ്‍ കപ്പുയര്‍ത്തി. സ്കോര്‍: ഈസ്റ്റ് സോണ്‍ 708, 388/7 ഡിക്ലയേര്‍ഡ്. സൗത്ത് സോണ്‍ 336. 2012-13നുശേഷം ആദ്യമായാണ് ഈസ്റ്റ് സോണ്‍ ദുലീപ് ട്രോഫി സ്വന്തമാക്കുന്നത്.
അഞ്ചാംദിനമായ ഇന്നലെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എന്ന നിലിയില്‍ ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തി. നാലാംദിനംതന്നെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ഈസ്റ്റ് സോണ്‍ കപ്പുറപ്പിച്ചായിരുന്നു അഞ്ചാംദിനം കളത്തിലെത്തിയത്. 34 റണ്‍സുമായി കുമാര്‍ കുശാഗ്രയും 26 റണ്‍സുമായി കുനൈന്‍ ഖുറൈഷിയുമായിരുന്നു ക്രീസില്‍. കുശാഗ്ര 46 റണ്‍സുമായി പുറത്തായി. എന്നാല്‍, തന്റെ ഓള്‍റൗണ്ട് മികവു വെളിപ്പെടുത്തിയ ഖുറൈഷി 190 പന്തില്‍ 116 റണ്‍സുമായി പുറത്താകാതെ നിന്നു. അനുകുല്‍ റോയ് 64 റണ്‍സ് നേടി.
ആദ്യ ഇന്നിംഗ്സില്‍ 270ഉം രണ്ടാം ഇന്നിംഗ്സില്‍ 80ഉം റണ്‍സ് നേടിയ ഈസ്റ്റ് സോണ്‍ ക്യാപ്റ്റന്‍ ഇഷാന് കിഷനാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സൗത്ത് സോണിന്റെ ക്യാപ്റ്റന്‍ തിലക് വര്‍മ പ്ലെയര്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടു.
Sports
ബാഴ്സലോണ/പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി മുന്ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണ ടീമുകളുടെ ഗോളാറാട്ട്. ഹോംഗ്രൗണ്ടായ കാമ്പ് നൗവില്‍ ഇറങ്ങിയ എഫ്സി ബാഴ്സലോണ 5-1നു ഡച്ച് ക്ലബ്ബായ ഫെയ്നൂര്‍ഡ് റോട്ടര്‍ഡാമിനെ തകര്‍ത്തു.
ക്യാപ്റ്റന്‍ റാഫീഞ്ഞ (3, 57 മിനിറ്റ്) ഇരട്ടഗോള്‍ സ്വന്തമാക്കി. കരിം അഡെയാമി (22-ാം മിനിറ്റ്), ലാമിന് യമാല്‍ (77-ാം മിനിറ്റ്), ഗബ്രിയേല്‍ ജെസ്യൂസ് (85-ാം മിനിറ്റ്) എന്നിവരായിരുന്നു ബാഴ്സയുടെ ഗോള്നേട്ടക്കാര്.
ഫിഫ ലോകകപ്പ് ഫൈനലില്‍ സ്പെയിനിനെ കിരീടത്തിലെത്തിച്ച ഗോള്‍ സ്വന്തമാക്കിയ ഫെറാന്‍ ടോറസ് ഹാട്രിക്ക് കുറിച്ച പോരാട്ടത്തില്‍ പിഎസ്ജി 6-1ന് സ്ലോവാക്യയില്‍നിന്നുള്ള സ്ലോവന് ബ്രാറ്റിസ്ലാവയെ നിലംപരിശാക്കി. 31, 47, 57 മിനിറ്റുകളില്‍ ഫെറാന്‍ ടോറസ് ഗോള്‍ നേടി. ഉസ്മാന് ഡെംബെലെ (17, 23 മിനിറ്റ്) ഇരട്ടഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഒരു ഗോള്‍ ഫാബിയന്‍ റൂയിസിന്റെ (87-ാം മിനിറ്റ്) വകയായിരുന്നു.
ഇംഗ്ലീഷ് ക്ലബ്ബുകളായ ആഴ്സണല്‍ എഫ്സിയും ലിവര്‍പൂള്‍ എഫ്സിയും ജയം സ്വന്തമാക്കി. ആഴ്സണല്‍ 1-0ന് ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പൊളിയെ തോല്‍പ്പിച്ചു. ലിവര്‍പൂള്‍ എഫ്സി 2-1ന് സ്പാനിഷ് സംഘമായ അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി. പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗ് സിപി, ജര്‍മന്‍ ക്ലബ് സ്റ്റട്ട്ഗഡ് എന്നിവയും ജയം നേടി.
Sports
അനന്തപുര്‍ (ആന്ധ്രാപ്രദേശ്): ജൂണിയര്‍ പെണ്‍കുട്ടികളുടെ ദേശീയ ഫുട്ബോള്‍ (ടയര്‍ 1) ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ജയമാഘോഷിച്ച് കേരളം. ക്യാപ്റ്റന്‍ നന്ദയുടെ (18, 86, 90 മിനിറ്റ്) ഹാട്രിക്കിന്റെ ബലത്തില്‍ കേരളം 6-0ന് ഉത്തര്‍പ്രദേശിനെ തകര്‍ത്തു.
രണ്ടാം പകുതിയിലാണ് കേരളം അഞ്ചു ഗോള്‍ സ്കോര്‍ ചെയ്തത്. സമന്താ ഷാന്‍ (59-ാം മിനിറ്റ്), ഇവാന എ. ബിജു (48-ാം മിനിറ്റ്), അമേയ റാംദാസ് (74-ാം മിനിറ്റ്) എന്നിവരും കേരളത്തിനായി ഗോള്‍ സ്വന്തമാക്കി. മുഹമ്മദ് ജംഷാദ് കരാട്ടുചാലാണ് കേരള കോച്ച്.
Sports
മാള: റോളർ സ്കേറ്റിംഗ് ഹോക്കി ഇന്ത്യൻ ടീമിൽ ഇടംനേടി മലയാളിയായ ക്രിസ്റ്റഫർ സണ്ണി.പരാഗ്വെയിലെ അസൂൺസിയോണിൽ നടക്കുന്ന വേൾഡ് സ്കേറ്റ് ഗെയിംസ് 2026ലേക്കുള്ള ഇന്ത്യൻ ജൂണിയർ ദേശീയ റോളർ ഹോക്കി ടീമിലേക്കാണു മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ ക്രിസ്റ്റഫർ സണ്ണി തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ കാവപുരയ്ക്കൽ സണ്ണി –റെനി ദമ്പതികളുടെ മകനാണ് ക്രിസ്റ്റഫർ.
കേരള റോളർ സ്കേറ്റിംഗ് ഹോക്കി ചരിത്രത്തിൽ ആദ്യമായാണ് ഒരാൾക്ക് ഇന്ത്യൻ ജഴ്സിയിൽ ലോകവേദിയിൽ മത്സരിക്കാൻ അവസരം ലഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ക്രിസ്റ്റഫറിന്റെ പഠനവും പരിശീലനവും ഹോളി ഗ്രേസ് അക്കാദമിയിലാണ്. ഹോളി ഗ്രേസ് റോളർ സ്കേറ്റിംഗ് അക്കാദമിയിലെ പരിശീലകരായ എസ്. ലെനിൻ, യശോധരൻ എന്നിവരുടെ പരിശീലനവും പിന്തുണയുമാണ് ക്രിസ്റ്റഫറിന്റെ നേട്ടത്തിനു വഴിയൊരുക്കിയത്.
Sports
മുംബൈ: അഫ്ഗാനിസ്ഥാനെതിരേ 13ന് ആരംഭിക്കാനിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കും.
പരിക്കിനെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു ബുംറയെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ഫിറ്റ്നസ് തെളിയിച്ചാല്‍ മാത്രമേ കളിക്കാന്‍ അനുമതി ലഭിക്കുകയുണ്ടായിരുന്നുള്ളൂ. ഫിറ്റ്നസ് പരിശോധനയില്‍ ബുംറ വിജയിച്ചതോടെയാണ് കളിക്കാനുള്ള അനുമതി ബിസിസിഐ നല്‍കിയത്.
അതേസമയം, പേസര്‍ ഹര്‍ഷിക് റാണ ടീമില്‍നിന്നു പുറത്തായി. പകരം യാഷ് ഠാക്കൂറിനെ ഉള്‍പ്പെടുത്തി. ബുംറയ്ക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരും ഫിറ്റ്നസ് തെളിയിച്ച് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവരവു നടത്തി.
13, 15, 17 തീയതികളിലാണ് ഇന്ത്യ x അഫ്ഗാനിസ്ഥാന് മൂന്നു മത്സര ട്വന്റി-20 പരമ്പര. ശ്രേയസ് അയ്യറാണ് ക്യാപ്റ്റന്‍. തിലക് വര്‍മ വൈസ് ക്യാപ്റ്റന്‍. സഞ്ജു സാംസണ്, വൈഭവ് സൂര്യവംശി, ഇഷാന് കിഷന് തുടങ്ങിയ പ്രമുഖര്‍ എല്ലാം ടീമിലുണ്ട്.
Sports
മോഖി (ചൈന): 2026 ഏഷ്യന്‍ വനിതാ ജൂണിയര്‍ ഹോക്കിയില്‍ ചിരവൈരികളായ പാക്കിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ സെമിയില്‍. പാക്കിസ്ഥാനെ ക്വാര്‍ട്ടറില്‍ 19-0 എന്ന ഏകപക്ഷീയ ഗോള്‍വേട്ടയില്‍ ഇന്ത്യ കീഴടക്കി.
സെമിയില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മലേഷ്യയെ കീഴടക്കിയാണ് (1-0) ദക്ഷിണകൊറിയയുടെ സെമി പ്രവേശം. മറ്റൊരു സെമിയില്‍ ചൈന, ജപ്പാനെ നേരിടും. നാളെയാണ് സെമി.
പാക്കിസ്ഥാന് എതിരേ ഇന്ത്യയുടെ 13 കളിക്കാര്‍ ഗോള്‍ സ്വന്തമാക്കി. പൂജ മാലിക്ക് (27, 49, 51) ഹാട്രിക്ക് നേടി. റോഷ്നി, സനിക മാനെ, മധു സിദാര്‍, സുപ്രിയ എന്നിവര്‍ ഇരട്ടഗോള്‍ സ്വന്തമാക്കി.
Sports
ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിലേക്ക് ഇനിയുള്ളത് വെറും 10 ദിനങ്ങളുടെ അകലം മാത്രം. 2026 ഏഷ്യാഡ് 19 മുതല്‍ ഒക്ടോബര്‍ നാലുവരെ ജപ്പാനിലെ ഏച്ചി-നഗോയ നഗരങ്ങളില്‍ അരങ്ങേറും. 2022ല്‍ ചൈനയിലെ ഗ്വാങ്ഷുവില്‍ ഇന്ത്യ 107 (പിന്നീട് 106 ആയി ചുരുങ്ങി) മെഡല്‍ സ്വന്തമാക്കിയിരുന്നു. നാലു വര്‍ഷത്തിനിപ്പുറം ഇന്ത്യയുടെ ഏഷ്യന്‍ മെഡല്‍ ഡ്രീംസ് വീണ്ടും മൂന്നക്കം കടന്നു കുതിക്കുമോ..?
ഹ്വാങ്ഷുവില്‍ മെഡല്‍ സ്വന്തമാക്കിയ സൂപ്പര്‍ താരം നീരജ് ചോപ്ര അടക്കമുള്ള ചില താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. എങ്കിലും പുതുതാരങ്ങള്‍ മെഡല്‍ വാരിക്കൂട്ടുമെന്ന വിശ്വാസത്തിലാണ് ഇന്ത്യന്‍ കായികരംഗം. 2022ല്‍ ആണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി മെഡല്‍ നേട്ടത്തില്‍ സെഞ്ചുറി തികച്ചത്. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിങ്ങനെ 107 മെഡല്‍ ഇന്ത്യ നേടി. നിയമലംഘനത്തിന്റെ പേരില്‍ ബോക്സര്‍ പ്രവീണ്‍ ഹൂഡയുടെ വെങ്കലം റദ്ദാക്കിയതോടെ ഇന്ത്യയുടെ മെഡല്‍ എണ്ണം 106ലേക്കു ചുരുങ്ങി.
ഏച്ചി-നഗോയ
മെഡല്‍ സെഞ്ചുറി എന്ന ഇന്ത്യന്‍ സ്വപ്നവുമായി 2026 ഏഷ്യന്‍ ഗെയിംസിന് അണിനിരക്കുന്നത് 503 അംഗ ജംബോ സംഘം. 265 പുരുഷന്മാരും 227 വനിതകളും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ 503 അംഗപട്ടിക. ഹ്വാങ്ഷുവില്‍ 661 താരങ്ങളായിരുന്നു ഇന്ത്യയെ പ്രതിനിധീകരിച്ചത്.
79 അംഗങ്ങളുള്ള അത്ലറ്റിക്സിലാണ് ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ താരങ്ങളുള്ളത്. അത്ലറ്റിക്സ് സംഘത്തില്‍ 10 മലയാളികളുണ്ട്.
ഷൂട്ടിംഗ് കരുത്ത്
ഹ്വാങ്ഷുവില്‍ ഇന്ത്യ ഷൂട്ടിംഗ് റേഞ്ചില്‍നിന്നു സ്വന്തമാക്കിയത് 22 മെഡല്‍. ഏറ്റവും കൂടുതല്‍ സ്വര്‍ണം (7) നേടിയതും ഷൂട്ടിംഗില്നിന്നായിരുന്നു. ജപ്പാനിലും ഷൂട്ടിംഗ് റേഞ്ചില്‍നിന്നു മെഡല്‍ മുഴങ്ങുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്. 2024 പാരീസ് ഒളിമ്പിക്സില്‍ ഇരട്ടമെഡല്‍ നേടിയ വനിതാ താരം മനു ഭാകറാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയില്‍ മുന്നിലുള്ളത്. ഇഷ സിംഗ്, സുരുചി സിംഗ്, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍, അനന്ദ് ജീത് സിംഗ്, രുദ്രാക്ഷ് പാട്ടീല്‍ തുടങ്ങിയവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്.
നീരജ് ഇല്ലാത്ത അത്ലറ്റിക്സ്
2022 ഗ്വാങ്ഷുവില്‍ പുരുഷ ജാവലിന്‍ത്രോയില്‍ സ്വര്‍ണം സ്വന്തമാക്കിയ നീരജ് ചോപ്രയുടെ അഭാവം ഇന്ത്യക്കു കനത്ത പ്രഹരമാണ്. പരിക്കിനെത്തുടര്‍ന്നാണ് നീരജ് ഏഷ്യന്‍ ഗെയിംസില്‍നിന്നു വിട്ടുനില്‍ക്കുന്നത്. 2022ല്‍ ആറ് സ്വര്‍ണം അടക്കം 29 മെഡല്‍ ഇന്ത്യ അത്ലറ്റിക്സില്നിന്നു സ്വന്തമാക്കിയിരുന്നു.
പുരുഷ വിഭാഗം 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് താരം അവിനാഷ് സാബ്ലെ, ഷോട്ട്പുട്ട് താരം തജീന്ദര്‍പാല്‍ സിംഗ് തോര്‍, ഹ്രസ്വദൂര ഓട്ടക്കാരിയായ പരുള്‍ ചൗധരി, മലയാളി ലോംഗ്ജംപ് താരങ്ങളായ മുരളി ശ്രീശങ്കര്‍, ആന്‍സി സോജന് എന്നിവരെല്ലാം മെഡല്‍ നേടുന്നതിനായാണ് ഇന്ത്യയുടെ കാത്തിരിപ്പ്.
അമ്പെയ്ത്ത് മുതല്‍ ബാഡ്മിന്റണ്‍ വരെ
ഗ്വാങ്ഷുവില്‍ അമ്പെയ്ത്തിലൂടെ ഇന്ത്യ അഞ്ചു സ്വര്‍ണം അടക്കം ഒമ്പതു മെഡല്‍ സ്വന്തമാക്കിയിരുന്നു. 2022ല്‍ മെഡല്‍ നേടിയ ഓജസ് ദേവതാലെ, ജ്യോതി സുരേഖ വെണ്ണം, അദിതി സ്വാമി തുടങ്ങിയവര്‍ ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം ഇല്ലെന്നതും ശ്രദ്ധേയം. യോഗ്യത നേടാത്ത ദീപിക കുമാരി, അതാനു ദാസ് എന്നിവരുടെ അഭാവവും ഇന്ത്യയുടെ അമ്പെയ്ത്ത് സംഘത്തിന്റെ മെഡല്‍ പ്രതീക്ഷയ്ക്കു ക്ഷീണമാണ്.
ബാഡ്മിന്റണില്‍ സാത്വിക്സായ് രാജ്-ചിരാഗ് ഷെട്ടി പുരുഷ ഡബിള്‍സ് സഖ്യം നിലവിലെ സ്വര്‍ണ ജേതാക്കളാണ്. ഇവര്‍ക്കൊപ്പം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് വനിതാ ഡബിള്‍സ് സഖ്യവും ഉറച്ച മെഡല്‍ പ്രതീക്ഷതന്നെ. വ്യക്തിഗത ഇനങ്ങളില്‍ ലക്ഷ്യ സെന്‍, പി.വി. സിന്ധു തുടങ്ങിയവരും ഇന്ത്യയുടെ പ്രതീക്ഷകളാണ്.
2022ല്‍ ബോക്സിംഗ് റിംഗില്‍നിന്ന് ഇന്ത്യ മൂന്നു മെഡല്‍ നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ മികച്ച പ്രകടനത്തിനുശേഷമാണ് ഇന്ത്യന്‍ ബോക്സിംഗ് സംഘ ഏഷ്യന്‍ ഗെയിംസിന് ഇറങ്ങുന്നതെന്നതും ശ്രദ്ധേയം. മീരാബായ് ചാനു അടങ്ങുന്ന ഭാരോദ്വഹന സംഘത്തില്‍നിന്നും മെഡല്‍ പ്രതീക്ഷിക്കാം. ഏഷ്യന്‍ ഗെയിംസില്‍ മീരാബായ് ചാനുവിന് ഇതുവരെ മെഡല്‍ നേടാന്‍ സാധിച്ചിട്ടില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ജ്ഞാനേശ്വരി യാദവ്, സെറാം നിരുപമ ദേവി, ഹര്‍ജീന്ദര്‍ കൗര്‍ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്.അമന് സെഹ്റാവത്ത്, ആന്റിം പംഗല്‍ എന്നിവര്‍ അണിനിരക്കുന്ന ഗുസ്തിയില്നിന്നും ഇന്ത്യ മെഡല്‍ സ്വപ്നംകാണുന്നു.
ഉറച്ച സ്വര്‍ണങ്ങള്‍
പുരുഷ ഹോക്കി, പുരുഷ-വനിതാ കബഡി, പുരുഷ-വനിതാ ക്രിക്കറ്റ് തുടങ്ങിയ ഇനങ്ങളില്‍ സ്വര്‍ണ ജേതാക്കളായാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്. സ്വര്ണത്തില്കുറഞ്ഞ ഒന്നും ഈ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷിക്കുന്നില്ലെന്നതും വാസ്തവം.
സ്ക്വാഷ്, ടേബിള്‍ ടെന്നീസ് അടക്കമുള്ള ഇനങ്ങളില്നിന്നെത്തുന്ന മെഡലുകളും ഇന്ത്യയുടെ മൂന്നക്ക സ്വപ്നത്തിനു കരുത്തേകും. 2022ല്‍ രണ്ടു സ്വര്‍ണം അടക്കം സ്ക്വാഷില്നിന്ന് എത്തിയിരുന്നു.
‘ഏഷ്യന്‍ ഗെയിംസ് സ്വർണത്തിന് 50 ലക്ഷം’
തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസിൽ സ്വര്‍ണമെഡല്‍ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നു കായിക മന്ത്രി ഒ.ജെ. ജനീഷ്. വെള്ളി മെഡലിന് 30 ലക്ഷവും വെങ്കലത്തിന് 20 ലക്ഷവും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്ന 30 മലയാളി കായിക താരങ്ങൾക്കും മുന്‍കൂറായി ഒരു ലക്ഷം രൂപ നൽകും. വിജയികളുടെ പരിശീലകര്‍ക്കും അഞ്ചു മുതല്‍ രണ്ടുലക്ഷം വരെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Sports
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ അതിന്റെ ക്ലൈമാക്സിലേക്ക് അടുക്കുന്നതോടെ വമ്പന്‍ താരങ്ങളുടെ അപ്രതീക്ഷിത പുറത്താകലും തുടരുന്നു. പുരുഷ സിംഗിള്‍സില്‍ ഡാനി മെദ്വദേവ് പുറത്തായതിനു പിന്നാലെ, വനിതാ സിംഗിള്‍സില്‍ എട്ടാം സീഡായ പോളണ്ടിന്റെ ഇഗ ഷ്യാങ്ടെക്, 13-ാം സീഡ് ജപ്പാന്റെ നവോമി ഒസാക്ക എന്നിവരും പ്രീക്വാര്‍ട്ടറില്‍ തോറ്റു മടങ്ങി.
സീഡില്ലാത്ത ചൈനീസ് താരം സെങ് ക്വിന്വെന്നിനോടായിരുന്നു ഇഗ ഷ്യാങ്ടെക്കിന്റെ അപ്രതീക്ഷിത തോല്‍വി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ചൈനീസ് താരം ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.
സ്കോര്‍: 7-5, 6-3. ക്വാളിഫിക്കേഷന്‍ റൗണ്ടിലൂടെയാണ് ക്വിന്‍വെന്‍ എത്തിയതെന്നതും ശ്രദ്ധേയം. കണ്ണീരോടെയാണ് ഇഗ കോര്‍ട്ട് വിട്ടത്. ഫാഷന്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയായിരുന്ന നവോമി ഒസാക്കയെ രണ്ടാം സീഡായ കസാക്കിസ്ഥാന്റെ എലെന റെബാകിന പ്രീക്വാര്‍ട്ടറില്‍ കീഴടക്കി. സ്കോര്‍: 6-1, 6-4.
ഗൗഫ്, സ്വരേവ്
വനിതാ സിംഗിള്‍സില്‍ നാലാം സീഡായ അമേരിക്കയുടെ കൊക്കൊ ഗൗഫ് നാട്ടുകാരിയായ ഇവ ജോവിക്കിനെ പ്രീക്വാര്‍ട്ടറില്‍ മറികടന്നു. 6-1, 6-4നായിരുന്നു ഗൗഫിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. അഞ്ചാം സീഡായ റഷ്യയുടെ മിറ ആന്‍ഡ്രീവയും ക്വാര്‍ട്ടറിലെത്തി. ഓസ്ട്രിയയുടെ അനസ്താസ്യ പൊറ്റപോവയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണ് മിറ ആന്‍ഡ്രീവ തോല്‍പ്പിച്ചത്. സ്കോര്‍: 5-7, 6-4, 6-3.
പുരുഷ സിംഗിള്‍സില്‍ ഒന്നാം സീഡായ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 21-ാം സീഡായ ഇറ്റലിയുടെ ലൂസിയാനൊ ഡര്ഡെറിയെ കീഴടക്കിയാണ് സ്വരേവിന്റെ മുന്നേറ്റം. സ്കോര്‍: 6-2, 6-2, 7-6 (7-3). അമേരിക്കയുടെ ലേണര്‍ ടിയനിനെ തോല്‍പ്പിച്ച് റഷ്യയുടെ കാരെന് ഖ്വാചനോവും ക്വാര്‍ട്ടറിലെത്തി.
Sports
ചെന്നൈ: ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടത്തിലേക്കു കുതിക്കുന്ന ഈസ്റ്റ് സോണിനായി പേസര്‍മാരായ മുഹമ്മദ് ഷമിയുടെയും മുകേഷ് കുമാറിന്റെയും മിന്നും പേസ് ആക്രമണം. ഒന്നാം ഇന്നിംഗ്സില്‍ 708 റണ്‍സ് നേടിയ ഈസ്റ്റ് സോണിന് എതിരേ മൂന്നാംദിനം അവസാനിക്കുമ്പോള്‍ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എടുത്തിട്ടുണ്ട്. മത്സരം സമനിലയില്‍ കലാശിച്ചാലും ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുന്ന ടീമിനായിരിക്കും കിരീടം. അതുകൊണ്ടുതന്നെ ഈസ്റ്റ് സോണ്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് ലക്ഷ്യമിട്ടായിരിക്കും നാലാംദിനമായ ഇന്നു മൈതാനത്ത് എത്തുക.
പേസ് ദ്വയം
രണ്ടുദിവസം ബാറ്റ് ചെയ്താണ് ഈസ്റ്റ് സോണ്‍ 708 റണ്‍സ് നേടിയത്. മൂന്നാംദിനം ഒന്നാം ഇന്നിംഗ്സിനായി സൗത്ത് സോണ്‍ ക്രീസില്‍ എത്തിയപ്പോള്‍ ദേവ്ദത്ത് പടിക്കലും ക്യാപ്റ്റന്‍ തിലക് വര്‍മയും അര്‍ധസെഞ്ചുറിയുമായി പൊരുതി. 104 പന്ത് നേരിട്ട ദേവ്ദത്ത് പടിക്കല്‍ 62 റണ്‍സ് സ്വന്തമാക്കി മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. 133 പന്തില്‍ 56 റണ്‍സുമായി തിലക് വര്‍മ പുറത്താകാതെ നില്ക്കുന്നു.
റിക്കി ബുയിയെ (1) പുറത്താക്കി മുകേഷ് കുമാറാണ് സൗത്ത് സോണിന് ആദ്യപ്രഹരമേല്‍പ്പിച്ചത്. ഷോട്ട് തെരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെട്ട് നാരായന് ജഗദീശന് (32) മടങ്ങി. ഷെയ്ക്ക് റഷീദ് (27), രവിചന്ദ്ര സ്മരണ്‍ (23) എന്നിവരുടെ വിക്കറ്റ് മുഹമ്മദ് ഷമി സ്വന്തമാക്കി.
മൂന്നാംദിനത്തിന്റെ തുടക്കത്തില്‍ ഷോര്‍ട്ട് സ്പെല്ലിനുശേഷം മുഹമ്മദ് ഷമി പവലിയനിലേക്കു മടങ്ങിയിരുന്നു. തുടര്‍ന്ന് മടങ്ങിയെത്തിയ ഷമി തുടര്‍ച്ചയായി 133-135 കിലോമീറ്റര്‍ വേഗത്തില്‍ പന്ത് എറിഞ്ഞാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്. മാത്രമല്ല, ചെപ്പോക്കിലെ നിര്‍ജീവ പിച്ചില്‍ ഷമിയും മുകേഷ് കുമാറും റിവേഴ്സ് സ്വിംഗ് കണ്ടെത്തിയെന്നതും ശ്രദ്ധേയം.
തിലക് വര്‍മയുടെ നോട്ടൗട്ട് ഇന്നിംഗ്സ് ദുലീപ് ട്രോഫിയുടെ മൂന്നാംദിനം ശ്രദ്ധിക്കപ്പെട്ടു. ജൂലൈ 11നുശേഷം ഒരു മത്സരത്തില്‍പോലും തിലക് വര്‍മയെ പുറത്താക്കാന്‍ എതിര് ടീം ബൗളര്‍മാര്‍ക്കു സാധിച്ചിട്ടില്ല.
Sports
പാരീസ്: ലോക ഫുട്ബോളറിനുള്ള ബലോണ്‍ ദോര്‍ പുരസ്കാരം ഇത്തവണ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയ്നു ലഭിച്ചാല്‍ അദ്ഭുതമില്ലെന്ന് ഫ്രഞ്ച് താരം ഉസ്മാന് ഡെംബെലെ.
2025 ബലോണ്‍ ദോര്‍ പുരസ്കാര ജേതാവാണ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ ഈ താരം. ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനായാണ് ഹാരി കെയ്ന്‍ കളിക്കുന്നത്. 2025-26 സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 61 ഗോള്‍ ഹാരി കെയ്ന്‍ നേടി. ഫിഫ 2026 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചതിലും ഹാരി കെയ്ന്‍ നിര്‍ണായക പങ്കുവഹിച്ചു.
ഫ്രഞ്ച് താരങ്ങളായ കിലിയന്‍ എംബപ്പെ, ഖ്വിച്ച ക്വാരറ്റ്സഖേരിയ എന്നിവരാണ് ഹാരി കെയ്നൊപ്പം അവസാന മൂന്നില്‍ എത്താന്‍ സാധ്യതയുള്ളതെന്നും ഉസ്മാന് ഡെംബെലെ കൂട്ടിച്ചേര്‍ത്തു.
Kerala
കോട്ടയം: പെണ്‍കുട്ടികളുടെ ദേശീയ ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ കോഴിക്കോട് സ്വദേശിയായ വി. നന്ദ നയിക്കും. നാളെ മുതല്‍ 25വരെ ആന്ധ്രപ്രദേശിലെ അനന്തപുരിലാണ് ദേശീയ ചാമ്പ്യന്‍ഷിപ്പ്. മുഹമ്മദ് ജംഷാദാണ് ടീം കോച്ച്.
കേരള ടീം: ഗോള്‍ കീപ്പര്‍മാര്‍: കിയാന ജോയിസ് മാത്യു, വി. വൈഡൂര്യ. ഡിഫെന്‍ഡേഴ്സ്: സി.ജി. ആഷി, കെ. നിഷാന, കെ. ദേവിക, അല്‍ഫോന്‍സ ബിജു, എം.എസ്. ഫാത്തിമ ഫൈഹ, എയ്റിന് സന്തോഷ്. മിഡ്ഫീല്‍ഡേഴ്സ്: വി. നന്ദ, അര്‍പിത സാറ ബിജു, എ. അനന്യ, അനൂയ സംഗീത്, കെ.വി. ശിവനന്ദന, എ.എ. തീര്‍ഥ. സ്ട്രൈക്കേഴ്സ്: കെ.പി. ദിയ, സാമന്ത സാന്‍, സുഹാന സാറ, ഇവാന ബിജു, അമേയ രമേഷ്, എം.കെ. ഷിഫാന ഷെറിന്. എ. ഹഫ്സാത് (അസിസ്റ്റന്റ് കോച്ച്), കെ. സുലുമോള് (മാനേജര്‍), എ.ബി. നന്ദന (ഫിസിയൊ).
Sports
തിരുവനന്തപുരം: അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണ് മുന്നോടിയായി കേരള ടീം നിലവിലെ രഞ്ജി ട്രോഫി ചാമ്പ്യന്മാരായ ജമ്മു-കാഷ്മീരിനെതിരേ പരിശീലന മത്സരങ്ങൾ കളിക്കും. ശ്രീനഗറിൽ ഈ മാസം 11 മുതൽ 17 വരെ രണ്ടു മത്സരങ്ങളാണുണ്ടാവുക. വിഷ്ണു വിനോദാണ് കേരള ടീമിന്റെ ക്യാപ്റ്റൻ.
സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദീൻ, സൽമാൻ നിസാർ, അതിഥിതാരങ്ങളായ ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ എന്നിവരടങ്ങുന്ന ശക്തമായ നിരയുമായാണ് കേരളം കളിക്കാനിറങ്ങുക. കേരള ക്രിക്കറ്റ് ലീഗിലും സമീപകാല ടൂർണമെന്റുകളിലും മികച്ച പ്രകടനം പുറത്തെടുത്ത യുവതാരങ്ങളും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.
കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ ആൻഡ് വിക്കറ്റ് കീപ്പർ), അഭിഷേക് ജെ. നായർ, വരുണ്‍ നായനാർ (വിക്കറ്റ് കീപ്പർ), മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), അഹമ്മദ് ഇമ്രാൻ, അഭിഷേക് പി. നായർ, സച്ചിൻ ബേബി, സൽമാൻ നിസാർ, ജലജ് സക്സേന, ആദിത്യ ആനന്ദ് സർവാതെ, ജെ.എസ്. അനുരാജ് , വി. അഭിജിത്ത് പ്രവീണ്‍, ഏദൻ ആപ്പിൾ ടോം, അഖിൻ സത്താർ, പവൻ രാജ്, ഇബ്നുൽ അഫ്താബ്, വൈശാഖ് ചന്ദ്രൻ.
Sports
മുംബൈ: ഇന്ത്യന്‍ ഹോക്കി ടീമിന്റെ ജഴ്സി നിറം വീണ്ടും നീലയിലേക്കു തിരിച്ചെത്തി. 2026 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ പുരുഷ-വനിതാ ഹോക്കി ടീം നീല ജഴ്സിയില്‍ ഇറങ്ങുമെന്നു ഹോക്കി ഇന്ത്യ അറിയിച്ചു.
2026 എഫ്ഐഎച്ച് ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യ ഓറഞ്ച് നിറത്തിലുള്ള ജഴ്സിയായിരുന്നു അണിഞ്ഞത്. ഹോക്കി ടീമിനെ കാവിവത്കരിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ഒന്നാം ജഴ്സിയാണ് നീല നിറത്തിലുള്ളത്. രണ്ടാം ജഴ്സി ഓറഞ്ച് ആയിരിക്കും.
Sports
മാഡ്രിഡ്/ന്യൂയോര്‍ക്ക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനിടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി, പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ എന്നിവരെയടക്കം ലക്ഷ്യംവച്ച് ഭീകരാക്രമണങ്ങള്‍ക്കു പദ്ധതിയിട്ടിരുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.
മാച്ച് ഒഫീഷലുകള്‍, മറ്റു പ്രമുഖര്‍ എന്നിവര്‍ക്ക് എതിരേയടക്കം തീവ്രവാദ ഗൂഢാലോചനകള്‍ ഉണ്ടായിരുന്നെന്നും എഫ്ബിഐയുടെ നേതൃത്വത്തില്‍ വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ സമയോചിത ഇടപെടലിലൂടെ അതെല്ലാം പരാജയപ്പെടുത്തിയെന്നും രേഖകള്‍. Informacion.es എന്ന സ്പാനിഷ് മാധ്യമമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
മെസിയെ ലക്ഷ്യംവച്ചു
അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആയിരുന്നു 2026 ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിച്ചത്. 2022 ലോക ചാമ്പ്യന്മാരായ അര്‍ജന്റൈന്‍ ടീം ക്യാപ്റ്റനായ ലയണല്‍ മെസിയെ അപായപ്പെടുത്താനുള്ള തീവ്രവാദ നീക്കം നടന്നതായാണ് റിപ്പോര്‍ട്ട്. അപകീര്‍ത്തികരമായ ഓണ്‍ലൈന്‍ ആരോപണങ്ങള്‍ക്കും ഭീഷണികള്‍ക്കും അപ്പുറമായി മെസിയെ ലക്ഷ്യംവച്ചതായാണ് എഫ്ബിഐയുടെ രേഖകളില്‍നിന്നു വ്യക്തമാകുന്നത്.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഡാളസില്‍ അര്‍ജന്റീന x ജോര്‍ദാന്‍ മത്സരത്തിനു തൊട്ടുമുമ്പ് ഭീകരാക്രമണ മുന്നറിയിപ്പ് എത്തിയിരുന്നു. എആര്‍-15 റൈഫിളും സ്ഫോടകവസ്തുക്കളുമായി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യുകയാണെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍ ഡാളസ് എയര്‍പോര്‍ട്ടിലേക്ക് വിളിച്ചിരുന്നു.
അറ്റ്ലാന്റയില്‍ ഈജിപ്തിനെതിരായ അര്‍ജന്റീനയുടെ മത്സരത്തിന് മുമ്പ്, മെസിയെ വധിക്കാന്‍ മനുഷ്യബോംബ് സ്റ്റേഡിയത്തിന്റെ ചുറ്റളവിലുണ്ടെന്നും മൈതാനത്തേക്കു കടക്കുമെന്നും എക്സില്‍ (ട്വിറ്റര്‍) അജ്ഞാത ഭീഷണി സന്ദേശമെത്തി. സ്റ്റേഡിയത്തിലെ ചവറ്റുകുട്ടകള്ക്കുള്ളില് മൂന്ന് സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതായുള്ള അജ്ഞാത കോള്‍ വന്നു. ഇതോടെ ബോംബ് സ്ക്വാഡുകള്‍, കെ-9 ടീമുകള്‍ എന്നിവ സ്ഥലത്തെത്തി.
സിആര്‍7ന്റെ ഹോട്ടലിലും ഭീഷണി
ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്ക് എതിരേ സുരക്ഷാ ലംഘനങ്ങള്‍ നടന്നു. ജൂണ്‍ 14ന്, ഹൂസ്റ്റണിലെ പോര്‍ച്ചുഗീസ് ടീം താമസിക്കുന്ന ഹോട്ടല്‍ സംബന്ധിച്ച് നിരന്തരം അന്വേഷണം നടത്തുന്ന ഒരു സംശയാസ്പദ വ്യക്തിയെ കണ്ടെത്തി.
ഹൂസ്റ്റണ്‍ പോലീസിന്റെ അടിയന്തര ഇടപെടലിലൂടെ ജൂണ്‍ 16ന് അയാളെ അറസ്റ്റ് ചെയ്തു.കനത്ത സുരക്ഷാവലയത്തിലും ഭീകരാക്രമണ ഭീഷണിക്കിടയിലുമായിരുന്നു 2026 ലോകകപ്പ് നടന്നതെന്നാണ് ഈ വെളിപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നത്. എബിഐയുടെ സുരക്ഷാവലയവും വിവിധ സുരക്ഷാ ശൃംഖലയും സംയുക്തമായി പ്രതിരോധം തീര്‍ത്തതാണ് ലോകകപ്പ് വിജയകരമായി അവസാനിക്കാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുണ്ട്. ലയണല്‍ മെസിയുടെ അര്‍ജന്റീനയെ അധികസമയത്തെ ഗോളില്‍ 1-0നു കീഴടക്കി സ്പെയിനാണ് 2026 ലോകകപ്പ് ട്രോഫി സ്വന്തമാക്കിയത്.
Sports
റൊസാരിയൊ: അര്‍ജന്റൈന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി, പിതാവ് ഹൊര്‍ഹെ മെസിക്കു (68) യാത്രാമൊഴി നല്കി. റൊസാരിയോയിലെ എല്‍ പ്രാഡൊ സെമിത്തേരിയിലായിരുന്നു സംസ്കാരച്ചടങ്ങ്.
അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന ലയണല്‍ മെസി, ശനിയാഴ്ച സ്വകാര്യ വിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. മെസിക്കും കുടുംബത്തിനും സ്വകാര്യത നല്‍കാനായി ഞായറാഴ്ച ഉച്ചകഴിഞ്ഞപ്പോള്‍ മുതല്‍ എല്‍ പ്രാഡൊ സെമിത്തേരിയിലേക്കു പൊതുജനങ്ങള്‍ക്കു പ്രവേശനം വിലക്കിയിരുന്നു.
Sports
സിയൂള്‍: സൗഹൃദ ക്ലബ് ഫുട്ബോള്‍ പോരാട്ടത്തില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു ജയം. സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി (3-1) കീഴടക്കിയത്.
പെപ് ഗ്വാര്‍ഡിയോളയുടെ പിന്‍ഗാമിയായി എന്‍സൊ മരെസ്ക സിറ്റിയുടെ മുഖ്യപരിശീലക സ്ഥാനത്ത് എത്തുന്ന, 2026-27 സീസണിനു മുന്നോടിയായുള്ള പരിശീലന മത്സരങ്ങളില്‍ ടീമിന്റെ രണ്ടാം ജയമാണ്. ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-1) പരാജയപ്പെട്ട മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി തുടര്‍ന്നു ദക്ഷിണകൊറിയന്‍ ഓള് സ്റ്റാര്‍ ടീമിന് എതിരേ 3-1ന്റെ ജയം നേടിയിരുന്നു.
ഒമര്‍ മര്‍മോഷിന്റെ ഇരട്ടഗോളാണ് (57, 59 മിനിറ്റ്) അത്ലറ്റിക്കോ മാഡ്രിഡിന് എതിരേ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആധികാരിക ജയമൊരുക്കിയത്. 43-ാം മിനിറ്റില്‍ ഹൊര്‍ഹെ ഡൊമിന്ഗ്യൂസിന്റെ ഗോളില്‍ ലീഡ് നേടിയശേഷമായിരുന്നു സ്പാനിഷ് ക്ലബ്ബിന്റെ തോല്‍വി. 2026-27 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോരാട്ടത്തിനു മുമ്പ്, ആഴ്സണല്‍ എഫ്സിക്ക് എതിരായ എഫ്എ കമ്യൂണിറ്റി ഷീല്‍ഡ് ഫൈനല്‍ പോരാട്ടമാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കു മുന്നിലുള്ളത്. ഞായറാഴ്ചയാണ് ആഴ്സണല്‍ x മാഞ്ചസ്റ്റര്‍ സിറ്റി ഫൈനല്‍.
Sports
ലിവര്‍പൂള്‍: 2026-27 സീസണിനു മുന്നോടിയായി നടന്ന പ്രീസീസണ് സൗഹൃദ ഫുട്ബോളിലെ അവസാന മത്സരത്തിലും ഇംഗ്ലീഷ് ക്ലബ്ബായ ലിവര്‍പൂള്‍ എഫ്സിക്കു തോല്‍വി. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ഫ്രഞ്ച് ക്ലബ് മൊണാക്കോയ്ക്ക് എതിരേ 3-2ന്റെ തോല്‍വിയാണ് ലിവര്‍പൂള്‍ വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ 4-2ന് ലീഡ്സ് യുണൈറ്റഡിനോടും ലിവര്‍പൂള്‍ പരാജയപ്പെട്ടിരുന്നു.
മൊണാക്കോയ്ക്ക് എതിരായ തോല്‍വിക്കുശേഷം ലിവര്‍പൂളിന്റെ പുതിയ മാനേജരായ അന്തോണി ഇരാവോല നടത്തിയ പ്രതികരണം ശ്രദ്ധേയം. 90 മിനിറ്റ് കളിക്കളത്തില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്ത് നിലവില്‍ ടീമിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അലക്സാണ്ടര്‍ ഇസാക്ക് , ഫ്ളോറിയന്‍ വിര്‍റ്റ്സ് എന്നിവരുടെ ഗോളിലൂടെ 2-0നു ലീഡ് നേടിയശേഷമായിരുന്നു ലിവര്‍പൂളിന്റെ തോല്‍വി.
Sports
ന്യൂയോര്‍ക്ക്: 2026 സിന്‍സിനാറ്റി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍നിന്ന് പുരുഷ സിംഗിള്‍സിലെ ലോക ഒന്നാം നമ്പറായ യാനിക് സിന്നര്‍ പിന്മാറി. വലതു കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്നാണ് ഇറ്റാലിയന്‍ താരത്തിന്റെ പിന്മാറ്റം. മോണ്ട്രീല് ടൂര്‍ണമെന്റില്‍നിന്നും സിന്നര്‍ വിട്ടുനിന്നിരുന്നു.
2026 വിംബിള്‍ഡൺ ജേതാവായശേഷം സിന്നര്‍ ഇതുവരെ കോര്‍ട്ടില്‍ ഇറങ്ങിയിട്ടില്ല. ശനിയാഴ്ചയാണ് സിന്‍സിനാറ്റി ഓപ്പണ്‍ തുടങ്ങുന്നത്. സ്പാനിഷ് താരം കാര്‍ലോസ് അല്കരാസാണ് നിലവിലെ ചാമ്പ്യന്‍. അല്‍കരാസ് പരിക്കിനെത്തുടര്‍ന്നു നേരത്തേതന്നെ ടൂര്‍ണമെന്റില്‍നിന്നു പിന്മാറിയിരുന്നു.
Sports
സൂറിച്ച്: ഫിഫയും അംഗ അസോസിയേഷനുകളും തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്റീനോയെ പുറത്താക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ഫിഫ ആരോപിച്ചതിനു പിന്നാലെ ശക്തമായ നീക്കവുമായി അംഗസംഘടനകള്‍ രംഗത്ത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് സ്ഥാനം നാലാം തവണയും മോഹിച്ചാണ് ഇന്‍ഫാന്റീനോയും അദ്ദേഹത്തിന്റെ ക്യാമ്പും. എന്നാല്‍, ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് എതിരായ നീക്കം ശക്തമായത്. മാര്‍ച്ചിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇന്‍ഫാന്റീനോയെ പുറത്താക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നതാണ് ശ്രദ്ധേയം.
തുറന്ന കത്ത്
യുവേഫ, കോണ്‍കാകാഫ്, എഎഫ്സി എന്നീ മൂന്ന് അസോസിയേഷനുകള്‍ ഫിഫയ്ക്കും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കും തുറന്ന കത്ത് നല്കി എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. പ്രസിഡന്റ് വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും രാജിവയ്ക്കണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
മൊറോക്കോയിലെ റബാത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിഫ എക്സിക്യൂട്ടീവിന്റെ അടിയന്തര യോഗം പരാമര്‍ശിച്ചാണ് മൂന്നു കോണ്‍ഫെഡറേഷനുകളും വിമര്‍ശനമുന്നയിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളെയും ദേശീയ അസോസിയേഷനുകളെയും ഒഴിവാക്കി, ആഭ്യന്തര തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഫിഫ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ചൂണ്ടിക്കാണിച്ചു.
എഎഫ്സി, യുവേഫ, കോണ്‍കാകാഫ് അസോസിയേഷനുകള്‍ ഇന്‍ഫാന്റീനോയ്ക്ക് എതിരേ രംഗത്തുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ അസോസിയേഷനുകളും കോണ്‍കാകാഫിലെ ചില രാജ്യങ്ങളിലെ അസോസിയേഷനുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
Sports
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഹാട്രിക്കിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ഡ്യൂറൻഡ് കപ്പ് 2026 ഫുട്ബോളിൽ മിന്നും ജയം. സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്സ് ടീമിനെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തകർത്തു.
മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ സഹൽ അബ്ദുൾ സമദ് ഹാട്രിക്ക് സ്വന്തമാക്കി. മൻവീർ സിംഗ്, ജെയ്മി മക്ലാരൻ, തെക്ചാം അഭിഷേക് സിംഗ് എന്നിവരായിരുന്നു ടീമിന്റെ മറ്റു ഗോൾനേട്ടക്കാർ.
Sports
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി അനഹത് സിംഗ്. കാനഡയിലെ നയാഗ്രയിൽ നടന്ന സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) പരാജയപ്പെടുത്തിയാണ് ഈ ഡൽഹിക്കാരി സ്വർണ മെഡൽ സ്വന്തമാക്കിയത്.
ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അനഹത് സ്വന്തം പേരിൽ കുറിച്ചു. 2010നു ശേഷം വനിതാ ലോക ജൂണിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റിക്കാർഡും അനഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കിരീട കുതിപ്പിനാണ് ഇന്ത്യൻ താരം വിരാമമിട്ടത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ലോക ജൂണിയർ സ്ക്വാഷിൽ ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ തോൽപ്പിച്ചാണ് അനഹത് ജൈത്രയാത്ര ആരംഭിച്ചത്. ഹോങ്കോങ്ങിന്റെ പുയി യിൻ ക്ലോയി ലോ, മലേഷ്യയുടെ ഡോയ്സ് യേ സാംഗ് ലീ എന്നിവരെയും ക്വാർട്ടറിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെയും സെമിയിൽ ബാർബ് സമേഹിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ അനായാസം മറികടന്നാണ് താരം ചരിത്ര വിജയം നേടിയത്.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്.
സ്കോർ: കേരളം - 137/7, ഹിമാചൽപ്രദേശ് - 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി.
മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 123 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റൻ ശിവാനി സിങ് (23 റൺസ്), മോണിക്ക ദേവി (21 റൺസ്) എന്നിവർ മാത്രമാണ് ഹിമാചൽ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയാണ് ഹിമാചൽ ബാറ്റിംഗ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കേരളത്തിന്റെ വിജയം ഉറപ്പാക്കി.
Sports
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
സിഡ്നിയിലെ പോലീസ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ചതിന് പോലീസിന്റെ പിടിയിലാകുന്നത്. പരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
വാർണർ തന്റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നിലവിൽ സിഡ്നി തണ്ടർ ടീമിന്റെ ക്യാപ്റ്റനായ വാർണർക്കെതിരേയുള്ള ഈ കേസിൽ ഓഗസ്റ്റ് 18ന് കോടതി വിധി പ്രസ്താവിക്കും.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ്‍ 2026ൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ജയം. ചാങ്ഷൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ സഹതാരം ഉന്നതി ഹൂഡയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-14, 9-21, 21, 10.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് ജയം. എതിരാളി ഫർഹാനെ 21-17, 21-5, 17-21 സ്കോറിന് വീഴ്ത്തി. ലക്ഷ്യ സെന്‍ 22-20, 15-21, 21-14ന് ടനകയെ പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ അംസകരുണൻ- അർജുൻ സഖ്യം തോൽവി വഴങ്ങി.
Sports
സൂറിച്ച്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാരായ സ്പെയിന്, ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സ്പെയിന് ലോകചാമ്പ്യന്മാരായത്.
ലോകകപ്പ് ഫൈനലിനു മുമ്പ് അര്‍ജന്റീന ഒന്നാമതും സ്പെയിന് രണ്ടാമതുമായിരുന്നു. പുതിയ റാങ്കിംഗ് അനുസരിച്ച് സ്പെയിന് ഒന്നും അര്‍ജന്റീന രണ്ടുമായി. സ്പെയിനിന്റെ രണ്ടാം ലോക കിരീടമാണ്. 2010ലാണ് ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത്. നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന് ലോകകപ്പുയര്ത്തിയതെന്നതും ശ്രദ്ധേയം.
2026 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇംഗ്ലണ്ട്, ഫിഫ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് തുടരും. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഫ്രാന്‍സിനാണ്.
2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ 6-4നു ഫ്രാന്‍സിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
Sports
ഭൂഗോള കാല്‍പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള്‍ മുതല്‍ ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര്‍ 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര്‍ അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലൂടെ...
ഉദിച്ചുയര്‍ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്‍ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്‍ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര്‍ മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ടീമിന്റെ ഗോള്‍വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്‍പ്പന്‍ ഏഴു സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്‍ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്‍ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ശ്രമങ്ങളാണ് വൊസീഞ്ഞ നിര്‍വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്‍കീപ്പര്‍ നടത്തി. 40-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്‍ച്ചുഗല്‍ രണ്ടാംഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില്‍ ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയില്ല. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ‘വാര്' തീരുമാനം ചര്‍ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര്‍ ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍, സീക്കോ ആദ്യം നേടിയ ഗോള്‍ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്‍സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില്‍ റദ്ദാക്കിയതും അര്‍ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്‍വച്ച് അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരെസ് ഫൗള്‍ ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന്‍ ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്‍വമല്ലെന്ന് പല കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഇടപെടല്‍ വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്‍ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില്‍ ചുവപ്പുകാര്‍ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്‍സ തുറന്നടിച്ചു. വിമാനത്താവളത്തില്‍ കളിക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല്‍ ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ കാദിര് അര്‍ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്‍നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന്‍ ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തത്. സെനഗല്‍ ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്‍ഷകമായ ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്‍വിയില്‍ മെസിയുടെ കണ്ണും നിറഞ്ഞു.
നോര്‍വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചാണ് എര്‍ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്‍വെ സൂപ്പര്‍ താരം ഹാലണ്ട് ഏവരുടെയും മനംകവര്‍ന്നു.
ക്ലൈമാക്സ് അടി
അര്‍ജന്റീന x സ്പെയിന് ഫൈനല്‍ അവസാനിച്ചത് കയ്യാങ്കളിയില്‍. ഫൈനല്‍ വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്‍ജന്റീനയുടെ നഹ്വേല്‍ മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്‍ജന്റീനയുടെ ലിയാന്‍ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ അര്‍ജന്റൈന്‍ ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
കാല്‍പ്പന്ത് ലോകത്തിനു പുതിയ ചക്രവര്‍ത്തി; ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന്. വനിതകള്‍ക്കു പിന്നാലെ പുരുഷവിഭാഗത്തിലും സ്പെയിന് ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. ഇതോടെ കാല്‍പ്പന്തിലെ ഒരേയൊരു അഡ്രസായി സ്പെയിന്.
ഫിഫ 2026 പുരുഷ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയാണ് ലാമിന് യമാലിന്റെ സ്പെയിന് കപ്പുയര്‍ത്തിയത്. ക്യാപ്റ്റന്‍ റോഡ്രി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ സ്പെയിന് 2010നുശേഷം വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍. പന്ത് പൂര്‍ണമായി സ്പെയിനിന്റെ നിയന്ത്രണത്തിലായതോടെ, മെസിക്കും സംഘത്തിനും മൈതാനത്ത് കാഴ്ചക്കാരാകേണ്ടിവന്ന അവസ്ഥ. മത്സരം അതോടെ സ്പെയിന് Vs എമിലിയാനൊ മാര്‍ട്ടിനെസ് (അര്‍ജന്റൈന്‍ ഗോളി) എന്നതിലേക്കു മാറിയെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് (90+3-ാം മിനിറ്റ്) രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കണ്ടതോടെ അര്‍ജന്റീന തളര്‍ന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫെറാന്‍ ടോറസിന്റെ (106-ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയില്‍. ആ ഒരൊറ്റ ഗോളില്‍ 1-0ന്റെ ജയവുമായി സ്പെയിന് ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2010ല്‍ ടിക്കി-ടാക്ക എന്ന വണ്‍ ടച്ച് പാസിംഗ് ഗെയിമിലൂടെ ലോകം കീഴടക്കി സ്പെയിന്, ടിക്കി-ടാക്കയുടെ നവ പതിപ്പിലൂടെ രണ്ടാമതും കാല്‍പ്പന്ത് ലോകത്തിന്റെ തലപ്പത്ത്; ലാ റോഹയുടെ ടിക്കി-ടാക്ക II...
ടിക്കി-ടാക്ക സൗന്ദര്യം
എതിരാളികള്‍ക്കു പന്ത് നല്‍കാതെ നിശബ്ദമാക്കുക എന്നതായിരുന്നു സ്പെയിനിന്റെ ഈ ലോകകപ്പിലെ പരസ്യമായ തന്ത്രം. സെമിയില്‍ ഫ്രാന്‍സിന്റെ പവര്‍ ഗെയിമിനെ കൃത്യമായി പൂട്ടിയാണ് സ്പെയിന് കിരീടപോരാട്ടത്തിന് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പെയിന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാര്‍ക്ക് കുക്കറെയ്യ, റോഡ്രി, പെഡ്രൊ പൊറോ എന്നിവരിലൂടെ തുടങ്ങി ഫെറാന്‍ റൂയിസ്, ഡാനി ഓള്‍മോ, അലെക്സ് ബയെന, ലാമിന് യമാല്‍ എന്നിവരിലൂടെ മൈക്കല്‍ ഒയര്സബാലില് എത്തിനില്‍ക്കുന്നതായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണം. അര്‍ജന്റൈന്‍ ഗോള്‍മുഖത്തിനു പുറത്ത് തമ്പടിച്ചുള്ള ഹൈപ്രസിംഗ് ലാ റോഹ തുടക്കം മുതല്‍ കാഴ്ചവച്ചു.
സ്പെയിനിന്റെ ആക്രമണം തടയുന്നതില്‍ 90 മിനിറ്റും അര്‍ജന്റീന വിജയിച്ചു. ഗോള്‍ വഴങ്ങാന്‍ അര്‍ജന്റീന കൂട്ടാക്കിയില്ല. അതിന്റെ പ്രധാന കാരണം ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസിന്റെ പ്രകടനമായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോള്‍ സ്പെയിന് തൊടുത്തത് 15 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അര്‍ജന്റീനയ്ക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
ചുവപ്പ് നിര്‍ണായകമായി
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീനയുടെ അംഗബലം പത്തായി ചുരുങ്ങി. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതാണ് അര്‍ജന്റീനയ്ക്കു വിനയായത്. മധ്യനിരയില്‍ അതുവരെ പോരാടിയ എന്‍സോ പുറത്തുപോയതും സ്പെയിനിന്റെ ഫീല്‍ഡിലെ പത്ത് താരങ്ങള്‍ക്കെതിരേ ഒമ്പതായി ചുരുങ്ങിയതും അര്‍ജന്റീനയുടെ പ്രതീക്ഷ തകിടം മറിച്ചു.
മിന്നും ഗോള്‍
അംഗബലം കുറഞ്ഞതോടെ അര്‍ജന്റീനയുടെ കരുത്തും ചോര്‍ന്നു. അതുവരെ വിയര്‍പ്പൊഴുക്കിയ താരങ്ങളുടെ കാലുകള്‍ തളര്‍ച്ചയിലേക്ക്. ഈ ബലഹീനത 106-ാം മിനിറ്റില്‍ സ്പെയിന് മുതലാക്കി. പെഡ്രൊ പൊറോ ബോക്സിന്റെ വലത് കോണിനു പുറത്തുനിന്ന് പന്ത് ഉയര്‍ത്തി നല്‍കിയത് ഇടത് ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചിലേക്ക്. പൊറോയുടെ ഹൈ പാസ് നിക്കൊ വില്യംസ് ഹെഡ് ചെയ്തു നല്‍കിയത് ഫെറാന്‍ ടോറസിന്റെ പാകത്തിന്. ടോറസിന്റെ കരുത്തുറ്റ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. അതു മതിയായിരുന്നു സ്പെയിനിനു ട്രോഫിയില്‍ ചുംബിക്കാന്‍.
113-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും അര്‍ജന്റൈന്‍ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിശ്ചിത സമയത്തും സമാനമായ രീതിയില്‍ സ്പെയിനിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലായിരുന്നു എങ്കിലും കളത്തില്‍ അതല്ലായിരുന്നു സീന്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസും സ്പെയിനും തമ്മിലുള്ള പോരാട്ടമായിരുന്നു കണ്ടത്.
സ്പെയിനിന്റെ പൊസഷന്‍ ഗെയിമിനു മുന്നില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന കാഴ്ചക്കാര്‍ മാത്രമായി.
ഇഞ്ചുറി ടൈമുകളും 120 മിനിറ്റും ചേര്‍ത്ത് ആകെ 151 മിനിറ്റ് മത്സരം നടന്നു. അധികസമയത്തിന്റെ ഇരുപകുതിയിലുമായി (5+13) 18ഉം നിശ്ചിത സമയത്തിന്റെ രണ്ട് പകുതിയുമായി (4+9) 13 മിനിറ്റും നല്കിയ ഇഞ്ചുറി ടൈം അടക്കമാണിത്.
ഇത്രയും സമയത്തിനിടെ അര്‍ജന്റീനയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത് വെറും 32 ശതമാനം മാത്രം. സ്പെയിനാകട്ടെ 68 ശതമാനവും. മൂന്നു ഷോട്ട് മാത്രമാണ് അര്‍ജന്റീന പായിച്ചത്. അതില്‍ ഒരെണ്ണംപോലും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നില്ല.
മറുവശത്ത് 20 ഷോട്ട് സ്പെയിന് അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്കു പായിച്ചു. അതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. 11 സേവുകളാണ് എമിലിയാനൊ മാര്‍ട്ടിനെസ് നടത്തിയത്. ഇതോടെ ഫിഫ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്ന ഏറ്റവും കൂടുതല്‍ സേവ് എന്ന റിക്കാര്‍ഡും എമിലിയാനൊയ്ക്കു സ്വന്തം.
Sports
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത് 50 മില്യണ്‍ ഡോളര്‍, ഏകദേശം 483 കോടി രൂപ.
രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സിന് 29 മില്യണ്‍ ഡോളറും (280 കോടി രൂപ) നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 27 മില്യണ്‍ ഡോളര്‍ (261 കോടി രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് 19 മില്യണ്‍ ഡോളര്‍ (184 കോടി രൂപ), പ്രീക്വാര്‍ട്ടറില്‍ 15 മില്യണ്‍ ഡോളര്‍ (145 കോടി രൂപ), റൗണ്ട് ഓഫ് 32ല്‍ 11 മില്യണ്‍ ഡോളര്‍ (107 കോടി രൂപ), ഗ്രൂപ്പ് ഘട്ടത്തില്‍ 10 മില്യണ്‍ ഡോളര്‍ (97 കോടി രൂപ) എന്നിങ്ങനെയും ലഭിക്കും.
Sports
ഫിഫ ലോകകപ്പ് നേടിയ സ്പാനിഷ് കൗമാരതാരം തന്റെ അനുജന് കെയ്നെ ചേര്‍ത്തുപിടിച്ചു നടക്കുന്ന ദൃശ്യം ആരാധകഹൃദയങ്ങള്‍ ഏറ്റെടുത്തു.
സ്പെയിനിന്റെ ജേഴ്സിയണിഞ്ഞ് മൂന്നു വയസുകാരനായ കെയ്ന്‍ മൈതാനത്തേക്ക് ഓടിയെത്തി. യമാല്‍ അവനെ എടുത്തു, കവിളില്‍ മുത്തം നല്കി.
സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തൊപ്പി തലയില്‍ വച്ചുള്ള കെയ്ന്റെ നില്‍പ്പ് ഏവരിലും സന്തോഷവും നിറവും പടര്‍ത്തി.
മത്സരശേഷം മാധ്യമങ്ങളോട് വികാരാധീനനായി ലാമിന് യമാല്‍ പറഞ്ഞ വാക്കുകള്‍ കണ്ണു നിറയ്ക്കുന്നതാണ്: “അമ്മ സ്വപ്നം കണ്ടതുപോലെ ജീവിക്കുന്നത് കാണുന്നതും അനിയന് ഇത്രയധികം സന്തോഷിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതല്‍ സംതൃപ്തമാക്കുന്നത്.’’- യമാല്‍ പറഞ്ഞു.
പെലെയ്ക്ക് ഒപ്പം
ഫിഫ ലോകകപ്പ് ട്രോഫി കൗമാരത്തില്‍ സ്വന്തമാക്കുന്നവരുടെ പട്ടികയിലേക്ക് 19കാരനായ യമാലും. ബ്രസീല്‍ ഇതിഹാസം പെലെ (1958), ഇറ്റലിയുടെ ജ്യൂസെപ്പെ ബെര്‍ഗോമി (1982), ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ (2018) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. യമാലിനൊപ്പം സ്പെയിനിന്റെ 19കാരന് പൗ കുബാര്‍സിയും ഇത്തവണ ഈ പട്ടികയില്‍ ഇടംപിടിച്ചു.
Sports
ഒറ്റയ്ക്കു വഴിവെട്ടി എത്തിയവനാടാ... കൈ അഡ്രാ... എന്ന സിനിമാ സ്റ്റൈല്‍ ഡയലോഗ് സ്പാനിഷ് ടീമിനു മാത്രം അനുയോജ്യം. ഫിഫ 2026 ലോകകപ്പ് തുടങ്ങിയപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സും നെയ്മറിന്റെ ബ്രസീലും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും എല്ലാമായിരുന്നു ഫേവറിറ്റുകള്‍.
ഇതിനിടെ ലാമിന് യമാലിന്റെ സ്പെയിനിനെ പൂര്‍ണമായി പിന്തുണച്ച ആരാധകരുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ സ്പെയിനിന്റെ ഗ്രാഫ് താണു. എംബപ്പെയുടെ ഫ്രാന്‍സിനായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്.
എന്നാല്‍, സെമിയില്‍ എംബപ്പെയുടെയും ഫൈനലില്‍ മെസിയുടെയും ടീമുകളെ നിഷ്പ്രഭമാക്കി സ്പെയിന് കിരീടത്തില്‍. ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരായ മെസിയും എംബപ്പെയും ഒരു ഗോള്‍ ഷോട്ട് ഉതിര്ക്കാന്പോലും സാധിക്കാതെ കാഴ്ചക്കാരായി.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയ (3-0), പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ (1-0), ക്വാര്‍ട്ടറില്‍ ബെല്‍ജിയം (2-1), സെമിയില്‍ ഫ്രാന്‍സ് (2-0) ഒടുവില്‍ ഫൈനലില്‍ അര്‍ജന്റീന (1-0). സ്പെയിനിനു മുന്നില്‍ വീണവരെല്ലാം ലോകോത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, റൊമേലു ലുകാക്കു, കിലിയന്‍ എംബപ്പെ, ലയണല്‍ മെസി... യമാലിന്റെയും റോഡ്രിയുടെയുമെല്ലാം മുന്നില്‍ വീണവര്‍; ലാ റോഹയ്ക്ക് കൈ അഡ്രാ...
ഗോള്‍ഡന്‍ ബോയ്സ്
ഫിഫ 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റന്‍ റോഡ്രിക്ക്. ഫൈനലില്‍ മെസിയെയും സംഘത്തെയും പൂര്‍ണമായി പൂട്ടിയത് റോഡ്രിയുടെ അഴിഞ്ഞാട്ടമായിരുന്നു. ബോക്സ് ടു ബോക്സ് പ്ലെയറായി തുടക്കം മുതല്‍ കളിച്ചതിന്റെ അംഗീകാരമാണ് ഈ ഡിഫെന്‍സീവ് മിഡ്ഫീല്ഡറിനു ലഭിച്ച ഗോള്‍ഡന്‍ ബോള്‍. ലോകകപ്പില്‍ ആകെ 799 പാസ് റോഡ്രി നടത്തി. മറ്റെല്ലാ താരങ്ങളേക്കാളും മുന്നില്‍.
മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്പെയിനിന്റെ ഗോള്‍ കീപ്പര്‍ ഉനെയ് സിമോണിന്. ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമേ സിമോണ്‍ വഴങ്ങിയുള്ളൂ. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍ ആയിരുന്നു അത്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരനായ പൗ കുബാര്‍സിക്ക്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയതില്‍ രണ്ടാമനാണ് ഈ സെന്റര്‍ ബാക്ക് താരം (690). റോഡ്രി-കുബാര്‍സി-എയ്മറിക് ലാപോര്‍ട്ടെ (660 പാസ്) എന്നിവരിലൂടെ തുടങ്ങുന്ന ടിക്കി-ടാക്കയാണ് സ്പെയിനിനെ ലോകകിരീടത്തില്‍ എത്തിച്ചത്.
ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബപ്പെയ്ക്കാണ് (10) കൂടുതല്‍ ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട്.
Sports
കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ കിരീടമോഹവുമായെത്തിയ അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിനിനുവേണ്ടി വിജയഗോള്‍ നേടിയ ഹീറോ ഫെറാന്‍ ടോറസ് കൊച്ചിയിൽ പന്തു തട്ടിയിട്ടുണ്ട്. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ സ്പാനിഷ് ടീമിലെ പ്രധാന താരമായിരുന്നു ഈ ചെറുപ്പക്കാരന്.ടോറസിന്റെ പ്രതിഭയുടെ ആദ്യ മിന്നലാട്ടങ്ങള്‍ കണ്ടത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മുംബൈയിലെ പട്ടേല്‍ സ്റ്റേഡിയത്തിലുമായിരുന്നു. ഒക്ടോബര്‍ 22ന് കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിൻ 3-1ന് ഇറാനെതിരേ ജയിക്കുമ്പോള്‍ അവസാന ഗോള്‍ നേടിയത് ഫെറാന്‍ ടോറസ് ആയിരുന്നു. 67-ാം മിനിറ്റിലായിരുന്നു ആ ഗോള്‍.
മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ മാലിക്കെതിരേ 71-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍ നേടിയതും ഫെറാന്‍. 3-1ന് ആ മത്സരം സ്പെയിന് ജയിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ സ്പെയിന് രണ്ടു ഗോള്‍ നേടിയെങ്കിലും അതില്‍ ഫെറാന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ ഇംഗ്ലീഷ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്റെ കരുത്തിലാണ് അന്ന് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ നേടി ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ഫെറാന്റെ സമ്പാദ്യം.
2026 ലോകകപ്പിൽ സ്പെയിനിനായി പന്തു തട്ടിയ സെന്റര്‍ ബാക്ക് എറിക് ഗാര്‍സ്യയും അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ താരമാണ്. ടീമിലുണ്ടായിരുന്നു. അർജന്റീനയ്ക്ക് എതിരായ ഫൈനലിൽ ലാപ്പോര്ട്ടയെ പിന്‍വലിച്ച് 99-ാം മിനിറ്റിലാണ് ഗാര്‍സ്യയെ കളത്തിലിറക്കിയത്.
Sports
ഫിഫ ഫുട്ബോള്‍ 2026 സീസണില്‍ വന്‍ ആരാധക ശൃംഖലയുള്ള രണ്ട് താരങ്ങള്‍ നിശബ്ദമായി. രണ്ടു പേരും നായകന്മാരായി ടീമിനെ മുന്നില്‍ നിന്നു നയിച്ചവര്‍; അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയും... 10 ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് കിലിയന്‍ എംബപ്പെ മടങ്ങിയത്.
ഹാട്രിക്ക് അടക്കം എട്ട് ഗോളുമായി മെസിയാണ് ഗോള്‍വേട്ടയില്‍ രണ്ടാമന്. നാല് അസിസ്റ്റും ചേരുമ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ പങ്കാളിത്തം 12. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുടിയ താരം (39), ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായമുള്ള ഫീല്‍ഡ് കളിക്കാരന് തുടങ്ങിയ റിക്കാര്ഡുകളുമായാണ് മെസിയുടെ മടക്കം. എന്നാല്‍, ഇരുവരും സ്പെയിനിന്റെ കൂട്ടായ തന്ത്രത്തിനു മുന്നില്‍ നിശബ്ദമായി.
ഇടംകാല് നിശബ്ദം
ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രതീക്ഷയുടെ ഭാരം ലയണല്‍ മെസി എന്ന നായകന്റെ ഇടംകാലിലായിരുന്നു. മെസി ടീമിന് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം സമ്മാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സ്പെയിന് മെസിയെ പൂട്ടി. അസാധ്യമായത് സാധ്യമാക്കുന്ന മെസിയുടെ ഇടം കാലിലേക്ക് പന്ത് എത്തിക്കാതിരിക്കുന്നതില്‍ സ്പാനിഷ് പട വിജയിച്ചു. ഫൈനലില്‍ മെസിക്ക് സ്പാനിഷ് ഗോള്‍ പോസ്റ്റിലേക്ക് ഒരു േഷാട്ട് പോലും ഉതിര്‍ക്കാനായില്ല.
എംബപ്പെ ഞെട്ടി
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറര്‍ (22) എന്ന നേട്ടവുമായാണ് എംബപ്പെ മടങ്ങിയത്. ലയണല്‍ മെസിയുടെ (21) റിക്കാര്‍ഡ്, ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളിലൂടെ എംബപ്പെ മറികടന്നു. എന്നാല്‍, സ്പെയിനിന് എതിരായ സെമി ഫൈനലില്‍ എംബപ്പെയുടെ കാലുകള്‍ നിശബ്ദമായി. സ്പെയിനോട് 2-0നു പരാജയപ്പെട്ട് ഫ്രാന്‍സ് പുറത്തായപ്പോള്‍ എംബപ്പെ തലകുനിച്ചു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ എംബപ്പെയ്ക്കും സാധിച്ചില്ല.
ബൈ മെസി
ഈ ലോകകപ്പിനിടെ 39 വയസ് പൂര്‍ത്തിയാക്കിയ ലയണല്‍ മെസി ഇനിയൊരു ലോകകപ്പ് വേദിയില്‍ എത്തുമോ..? വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍, 2030ലെ ലോകകപ്പിന്റെ സമയത്ത് മെസി 43ലെത്തും. 40-ാം വയസില്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി എത്തി കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി മടങ്ങിയ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയെ മറക്കരുത്. അതുകൊണ്ട് 43-ാം വയസില്‍ മെസി വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ എത്തിയാല്‍ അദ്ഭുതമില്ല... അതിനായാണ് മെസിയുടെയും അര്‍ജന്റീനയുടെയും ആരാധക കാത്തിരിപ്പ്...
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു എഡിഷനിൽ 10 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് സൂപ്പർ സ്റ്റാർ കിലിയൻ എംബപ്പെ. കഴിഞ്ഞ 56 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ.
2026 ഫിഫ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരേ രണ്ടു തവണ വലകുലുക്കിയതോടെ എംബപ്പെയുടെ ഗോൾ നേട്ടം 10 ആയി. നാല് ഗോളിന് അസിസ്റ്റും നടത്തിയിട്ടുണ്ട്. ഇതോടെ 2026 ലോകകപ്പിൽ എംബപ്പെയുടെ ഗോൾ പങ്കാളിത്തം 14 ആയി.
ഇംഗ്ലണ്ടിന് എതിരായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് 6-4നു പരാജയപ്പെട്ടു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടതുൽ ഗോൾ പിറന്ന മത്സരമാണിത്. 1954 ലോകകപ്പ് ക്വാർട്ടറിൽ (ഓസ്ട്രിയ 7-5 സ്വിറ്റ്സർലൻഡ്) 12 ഗോൾ പിറന്നതാണ് റിക്കാർഡ്.
ലോകകപ്പിൽ എംബപ്പെയുടെ ആകെ ഗോൾ നേട്ടം 22 ആയി. അർജന്റൈൻ താരം മെസിയെ (21) ഇതോടെ പിന്തള്ളി.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള്‍ ഗോള്‍ മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്‍സിനെ ഗോളില്‍ മുക്കി. 10 ഗോള്‍ പിറന്ന റിക്കാര്‍ഡ് പോരാട്ടത്തില്‍ 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില്‍ അര്‍ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്‍സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില്‍ കളിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്‍സൈഡ് പകുതി
64,478 കാണികള്‍ നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്‍സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില്‍ ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല്‍ തേര്‍ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില്‍ വിശ്രമിച്ചു. 18-ാം മിനിറ്റില്‍ എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്‍സയുടെ ഗോള്‍. 28-ാം മിനിറ്റില്‍ എംബപ്പെ വലകുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു.
37-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. മാര്‍ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില്‍ ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല്‍ ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള്‍ നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ എംബപ്പെയുടെ അസിസ്റ്റില്‍ ബര്‍ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില്‍ എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്‍. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
86-ാം മിനിറ്റില്‍ ജെഡ് സ്പെന്‍സിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ഫ്രാന്‍സിന് എതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്‍.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന്‍ ബോര്‍ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില്‍ ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില്‍ കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്‍വിംഗ് ഫിനിഷ്. സ്കോര്‍ 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോള്‍ വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ്‍ ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല്‍ ജര്‍മനിക്ക് എതിരേ), ഗാരി ലിനേക്കര്‍ (1986ല്‍ പോളണ്ടിന് എതിരേ), ഹാരി കെയ്ന്‍ (2018ല്‍ പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.
Sports
ഫ്രഞ്ച് താരം മൈക്കല്‍ ഒലിസ് 2026 ലോകകപ്പില്‍ നടത്തിയ അസിസ്റ്റുകളുടെ എണ്ണം ഏഴ്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്ന റിക്കാര്‍ഡും ഇതോടെ ഒലിസ് സ്വന്തമാക്കി. 1970 ലോകകപ്പില്‍ ആറ് അസിസ്റ്റ് നടത്തിയ ബ്രസീല്‍ ഇതിഹാസത്തിന്റെ റിക്കാര്‍ഡാണ് ഒലിസ് മറികടന്നത്.
ഒലിസ് നടത്തിയ ഏഴ് അസിസ്റ്റില്‍ അഞ്ചും കിലിയന്‍ എംബപ്പെയ്ക്കു വേണ്ടി ആയിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകകപ്പ് എഡിഷനില്‍ ഒരു താരം മറ്റൊരു താരത്തിനു നടത്തുന്ന ഏറ്റവും കൂടുതല്‍ അസിസ്റ്റാണിത്.
Sports
കിലിയന്‍ എംബപ്പെ ഫിഫ 2026 ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മടക്കം. സെമി ഫൈനല്‍വരെ പായുംകുതിരയായ ഫ്രാന്‍സ്, സ്പെയിനിനു മുന്നില്‍ 2-0നു പരാജയപ്പെട്ടു.
അതിനുശേഷം ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയെങ്കിലും അതിലും പരാജയപ്പെട്ടു. എന്നാല്‍, ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുകയും ഒരു അസിസ്റ്റ് നടത്തുകയും ചെയ്തു.
27കാരനായ എംബപ്പെയ്ക്ക് ഫിഫ ലോകകപ്പില്‍ ആകെ ഗോള്‍ എണ്ണം 22 ആയി. അര്‍ജന്റീന x സ്പെയിന് ഫൈനല്‍ കിക്കോഫിനു മുമ്പുള്ള കണക്കാണിത്. 21 ഗോള്‍ നേടിയ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി, ഫൈനലില്‍ സ്പെയിനിന് എതിരേ ഗോള്‍ നേടിയില്ലെങ്കില്‍ എംബപ്പെ റിക്കാര്‍ഡില്‍ തുടരും.
2026 ലോകകപ്പില്‍ മാത്രം 10 ഗോളാണ് എംബപ്പെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. മാത്രമല്ല, 23-ാം ലോകകപ്പ് എഡിഷനില്‍ നാല് ഗോളിന് അസിസ്റ്റും നടത്തി. ഈ ലോകകപ്പില്‍ എംബപ്പെയുടെ ഗോള്‍ പങ്കാളിത്തം 14 ആണെന്നതും ഹൈലൈറ്റ്.
കഴിഞ്ഞ ആറ് ലോകകപ്പില്‍ ഇത്രയും ഗോള്‍ പങ്കാളിത്തം ഒരു എഡിഷനില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ. ഫിഫ ലോകകപ്പ് സെമിയില്‍ ഇതുവരെ എംബപ്പെയ്ക്കു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെന്നതും വസ്തുത. എംബപ്പെ ഇതിനോടകം മൂന്നു ലോകകപ്പ് സെമിയില്‍ കളിച്ചു (2018, 2022, 2026). ഈ മൂന്നു സെമിയിലും എംബപ്പെയ്ക്കു ഗോളില്ല.
ഫിഫ 2030 ലോകകപ്പില്‍ ഫ്രാന്‍സിന് ഒപ്പം ലോകകപ്പ് വേദിയില്‍ എംബപ്പെ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2018 മുതല്‍ ലോകകപ്പില്‍ തുടരുന്ന ഫോം നിലനിര്‍ത്തിയാല്‍ 2030 ലോകകപ്പില്‍ എംബപ്പെയ്ക്ക് 25 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാം.
Sports
മയാമി: ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ദിദിയെ ദേഷാംപ് പടിയിറങ്ങി. ഫിഫ 2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരായതായിരുന്നു ഫ്രഞ്ച് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ദേഷാംപിന്റെ അവസാന മത്സരം.
ഫിഫ ലോകകപ്പില്‍ മാത്രം ഫ്രാന്‍സിനെ 27 മത്സരങ്ങളില്‍ പരിശീലിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാനേജര്‍ ആയതിന്റെ റിക്കാര്‍ഡും ദേഷാംപിനു സ്വന്തം. ഇതില്‍ 20 മത്സരത്തില്‍ ജയം സ്വന്തമാക്കി. 2018 ലോകകപ്പ് നേടിയപ്പോള്‍ 2022ല്‍ രണ്ടാം സ്ഥാനം. ഇത്തവണ നാലാം സ്ഥാനവും.
2012ല്‍ ഫ്രഞ്ച് ടീമിന്റെ കോച്ചായി. ദേഷാംപിന്റെ ശിക്ഷണത്തില്‍ 185 മത്സരങ്ങളില്‍ ഇറങ്ങിയ ഫ്രാന്‍സ് 120 എണ്ണം ജയിച്ചു. 35 സമനിലയും 30 തോല്‍വിയും. 64.9 ആണ് വിജയ ശതമാനം.
നേട്ടങ്ങള്‍:
ഫിഫ ലോകകപ്പ്:
2018 ചാമ്പ്യന്‍, 2022 റണ്ണേഴ്സ് അപ്പ്
യുവേഫ നേഷന്‍സ് ലീഗ്:
2020-21 ചാമ്പ്യന്‍. 2024-25 മൂന്നാം സ്ഥാനം
യൂറോ കപ്പ്: 2016 റണ്ണേഴ്സ് അപ്പ്